ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന് വേണ്ടി വോട്ടര്‍മാര്‍ പോളിങ് ബൂത്തിലേക്ക് പോവാന്‍ ഇനി ദിവസങ്ങള്‍ മാത്രമേ ഉള്ളൂ. പല മാധ്യമങ്ങളും തെരഞ്ഞെടുപ്പ് ഫലത്തിന്റെ ഏകദേശ സര്‍വേ പുറത്തുവിടാറുണ്ട്. അതിനിടയില്‍ ഫലപ്രഖ്യാപനം നടത്തുന്ന ചിലരാണ് ജോത്സ്യന്മാര്‍. ഇവരുടെ തെരഞ്ഞെടുപ്പ് ഫലപ്രവചനത്തിനെതിരെ ആണ് കര്‍ശന നടപടിയുമായി കമ്മീഷന്‍ രംഗത്തെത്തിയിരിക്കുന്നത്.
ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട് യാതൊരു തരത്തിലുള്ള പ്രവചനവും ജോത്സ്യര്‍മാര്‍ അടക്കമുള്ളവര്‍ നടത്താന്‍ പാടില്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിട്ടിരിക്കുന്നത്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ നിയമ വിരുദ്ധമാണെന്നും ഇവ ശ്രദ്ധയില്‍ പെട്ടാല്‍ അവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.
നിലവില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച പ്രവചനങ്ങള്‍ ഓണ്‍ലൈന്‍, അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുന്നതിനും സംപ്രേക്ഷണം ചെയ്യുന്നതിനും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഒന്നാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന ദിവസമായ ഏപ്രില്‍ 11-ന് രാവിലെ ഏഴ് മണി മുതല്‍ മെയ് 19 വൈകിട്ട് ആറര വരെയാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.