തെരഞ്ഞെടുപ്പ് പര്യടനത്തിനിടെ സ്വന്തം പാര്‍ട്ടി അനുഭാവിയെ ക്രൂരമായി മര്‍ദ്ദിച്ച് ടിഡിപി സ്ഥാനാര്‍ത്ഥി! വീഡിയോ

സംഭവം ഇപ്പോള്‍ വിവാദത്തില്‍ കലാശിച്ചിരിക്കുകയാണ്.

അമരാവതി: തെരഞ്ഞെടുപ്പ് പര്യടനത്തിനിടെ സ്വന്തം പാര്‍ട്ടി അനുഭാവിയെ ക്രൂരമായി മര്‍ദ്ദിച്ച് ടിഡിപി സ്ഥാനാര്‍ത്ഥി. നടനും ടിഡിപി എംഎല്‍എയുമായ നന്ദമുരി ബാലകൃഷ്ണയാണ് പ്രവര്‍ത്തകനെ മര്‍ദ്ദിച്ചത്. സ്ഥാനാര്‍ത്ഥിയെ കണ്ടതോടെ ഫോട്ടോ എടുക്കാന്‍ ശ്രമിച്ചതാണ് നേതാവിനെ ചൊടിപ്പിച്ചത്. വിജയനഗരം ജില്ലയിലെ ചീപ്പുരുപ്പള്ളിയില്‍ വച്ചായിരുന്നു സംഭവം. സെല്‍ഫിയെടുക്കാന്‍ യുവാവ് എത്തിയതോടെയാണ് ബാലകൃഷ്ണ പ്രകോപിതനായി മര്‍ദ്ദിച്ചത്.

സംഭവം ഇപ്പോള്‍ വിവാദത്തില്‍ കലാശിച്ചിരിക്കുകയാണ്. വാഹനത്തില്‍ നിന്നിറങ്ങി യുവാവിനെ ബാലകൃഷ്ണ ഇടിക്കുകയും തൊഴിക്കുകയും ചെയ്തു. മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം നിറഞ്ഞിട്ടുണ്ട്. തെരഞ്ഞെടുപ്പ് സമയത്തുള്ള ബാലകൃഷ്ണയുടെ ഈ രോഷപ്രകടനം പാര്‍ട്ടിക്ക് ദോഷം ചെയ്യുമോ എന്ന ആശങ്കയും തെലുങ്ക് ദേശം പാര്‍ട്ടി നേതാക്കള്‍ക്ക് ഉണ്ട്. കൂടുതല്‍ പ്രകോപനപരമായ അഭിപ്രായപ്രകടനങ്ങള്‍ നടത്തുന്നതില്‍ നിന്ന് ബാലകൃഷ്ണയെ പാര്‍ട്ടി വിലക്കിയിട്ടുണ്ട്.

ഇതാദ്യമായല്ല ടിഡിപിയുടെ താരപ്രചാരകനായ ബാലകൃഷ്ണ ഇത്തരം വിവാദങ്ങളില്‍ ഉള്‍പ്പെടുന്നത്. മാര്‍ച്ച് 29ന് ഒരു ക്യാമറാമാന് നേരെയും ബാലകൃഷ്ണയുടെ ആക്രമണമുണ്ടായിരുന്നു. ഫോട്ടോയെടുക്കാന്‍ അടുത്തേക്ക് വന്നതിനായിരുന്നു അന്നും താരം രോഷാകുലനായത്. അന്ന് ബാലകൃഷ്ണ അയാള്‍ക്ക് നേരെ അസഭ്യവാക്കുകള്‍ പറഞ്ഞതും വാര്‍ത്തയായിരുന്നു. ഫോട്ടോ എടുക്കുന്നതും മറ്റും ബാലകൃഷ്ണയെ ചൊടിപ്പിക്കുന്ന ഒന്നാണ്.

Exit mobile version