ന്യൂഡല്‍ഹി: ബീഫ് വില്‍പ്പന നടത്തി എന്നാരോപിച്ച് അസമിലെ ബിസ്വനാഥ് ജില്ലയില്‍ മുസ്ലീം കച്ചവടക്കാരനു നേരെ ആള്‍ക്കൂട്ട ആക്രമണം. ഷൗക്കത്ത് അലി എന്ന യുവാവിന് നേരെയാണ് ക്രൂരമര്‍ദ്ദനമേറ്റത്.
യുവാവിനെ ആക്രമിക്കുന്ന വീഡിയോ സഹിതമാണ് സമൂഹമാധ്യമങ്ങളിലടക്കം ഇപ്പോള്‍ വൈറലായി കൊണ്ടിരിക്കുന്നത്. ഷൗക്കത്തിനെ ബലമായി പന്നിയിറച്ചി തിന്നാന്‍ നിര്‍ബന്ധിക്കുന്നതായും വീഡിയോയില്‍ കാണാം.
‘നിങ്ങള്‍ക്ക് ബീഫ് വില്‍ക്കാനുള്ള ലൈസന്‍സുണ്ടോ. നിങ്ങള്‍ ബംഗ്ലാദേശിയാണോ. നിങ്ങളുടെ പേര് പൗരത്വ പട്ടികയിലുണ്ടോ’- ഷൗക്കത്തിനോട് കൂടി നിന്ന ജനക്കൂട്ടം ചോദിക്കുന്നതായി വീഡിയോയില്‍ വ്യക്തമാകുന്നു.
സംഭവത്തില്‍ പോലീസ് കേസെടുത്തു. രണ്ടു പരാതികളുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്. അലിയുടെ ബന്ധുക്കളുടെ പരാതി കൂടാതെ അലിയെ മര്‍ദ്ദിച്ച ചന്തയിലെ മാനാജേര്‍ കമല്‍ താപ്പയും പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
പശു സംരക്ഷണ നിയമം നിലവിലുള്ള സംസ്ഥാനമാണ് അസം. അസാം കാലി സംരക്ഷണ നിയമം 1950 അനുസരിച്ച് 14 വര്‍ഷം പ്രായമുള്ള, ജോലിക്ക് ഉപയോഗിക്കാന്‍ കഴിയാത്ത പശുക്കളെ അറവ് ചെയ്യാം. എന്നാല്‍ അത്തരം പശുക്കള്‍ക്ക് മൃഗസംരക്ഷണ വകുപ്പിന്റെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ആവശ്യമാണ്. എന്നാല്‍ മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളിലേത് പോലെ അസാമില്‍ പശുവിനേയും, പോത്തിനേയും കാളയേയും നിയമത്തില്‍ വേര്‍തിരിച്ചു പറയുന്നില്ല.