ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണം രൂക്ഷം. പരിഹാര നടപടികള്‍ ഊര്‍ജ്ജിതമാക്കി സര്‍ക്കാര്‍. നവംബര്‍ 10 വരെ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥ സംഘം നഗരത്തില്‍ പരിശോധന നടത്തും. ദീപാവലി കൂടി എത്തുന്നതോടെ വരും ദിവസങ്ങളില്‍ അന്തരീക്ഷ മലീനീകരണം കൂടുമെന്നാണ് റിപ്പോര്‍ട്ട്.
അതീവ ഗുരുതരാവസ്ഥയിലാണ് ഡല്‍ഹിയിലെ അന്തരീക്ഷം. വായു നിലവാര സൂചിക 400 കടന്നു. നിരോധനമുണ്ടെങ്കിലും അധികൃതരുടെ കണ്ണുവെട്ടിച്ച് കര്‍ഷകര്‍ കാര്‍ഷിക അവശിഷ്ടങ്ങള്‍ കത്തിക്കല്‍ തുടരുകയാണ്. ശൈത്യകാലം അനുദിനം ശക്തമാകുന്നതോടെ ശ്വസിക്കുന്നതിനുപോലും ബുദ്ധിമുട്ടനുഭവപ്പെടുകയാണ്. ദീപാവലി എത്തുന്നതോടെ പ്രശ്നം രൂക്ഷമാകുമെന്നതിനാല്‍ ഇത്തവണ മലിനീകരണം കുറഞ്ഞ പടക്കം മാത്രം ഉപയോഗിക്കണമെന്ന് കര്‍ശന നിര്‍ദേശമുണ്ട്.
മലിനീകരണം തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച ദൗത്യസേനയുടെ പരിശോധന തുടരുകയാണ്. വനം പരിസ്ഥിതി മന്ത്രാലയം, പൊതുമരാമത്ത് വകുപ്പ് ,ഡല്‍ഹി മെട്രോ റെയില്‍ കോര്പ്പറേഷന് തുടങ്ങിയവയില്‍ നിന്നുള്ള ഉദ്യോഗസ്ഥരാണ് സംഘത്തിലുള്ളത്. വായു മലിനീകരണത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍, പഴയ വാഹനങ്ങളുടെ ഉപയോഗം തുടങ്ങിയവ നേരത്തെ തന്നെ ഡല്‍ഹിയില്‍ വിലക്കിയിരുന്നു.
Discussion about this post