ന്യൂഡല്‍ഹി: ഉപഗ്രഹവേധ മിസൈല്‍ പരീക്ഷണം വിജയകരമായിരുന്നെന്ന് വിശദീകരിക്കാന്‍ പ്രത്യേക സമ്പര്‍ക്ക പരിപാടി വിളിച്ചുചേര്‍ത്ത് ഡിആര്‍ഡിഒ. രാജ്യത്തിന്റെ സായുധ രംഗത്തിന് കുതിപ്പായ മിഷന്‍ ശക്തി വിജയകരമായിരുന്നെന്ന് വിശദീകരിക്കാന്‍ ശനിയാഴ്ചയാണ് ഡിആര്‍ഡിഒ യോഗം വിളിച്ചത്. ദേശീയസുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, കേന്ദ്രശാസ്ത്ര ഉപദേഷ്ടാവ് കെ വിജയ്‌രാഘവന്‍, പങ്കജ് സരണ്‍, രജീന്ദര്‍ ഖന്ന തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു യോഗം.
യോഗത്തില്‍ സുരക്ഷാ-ശാസ്ത്ര രംഗത്തെ പ്രമുഖരും വിദഗ്ധരും നയതന്ത്ര പ്രമുഖരും പങ്കെടുത്തിരുന്നെന്നാണ് കേന്ദ്രം പുറത്തുവിട്ട വാര്‍ത്താകുറിപ്പില്‍ പറയുന്നത്. മിഷന്‍ ശക്തിയുടെ വിജയത്തോടൊപ്പം ഉപഗ്രഹവേധ മിസൈലുകളുടെ വെല്ലുവിളികളും ലക്ഷ്യങ്ങളും നേട്ടങ്ങളും യോഗത്തിനിടെ വിശദീകരിക്കപ്പെട്ടു.
മിഷന്‍ ശക്തി എന്ന് പേരിട്ട ഉപഗ്രഹവേധ മിസൈല്‍ എ-സാറ്റിന്റെ വിജയകരമായ പരീക്ഷണം മാര്‍ച്ച് 27നാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി രാജ്യത്തെ അഭിസംബോധന ചെയ്ത് അറിയിച്ചത്.
ഇതിനുപിന്നാലെ, രാജ്യം മുമ്പ് തന്നെ കൈവശപ്പെടുത്തിയിട്ടുള്ള കഴിവ് രാജ്യത്തിന്റെ പുതിയ നേട്ടമായി അവതരിപ്പിച്ചത് പ്രധാനമന്ത്രിയുടെ തെരഞ്ഞെടുപ്പ് തന്ത്രമാണെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിനെതിരെ പ്രതിപക്ഷം രംഗത്തെത്തുകയും ചെയ്തിരുന്നു. ഇതിനിടയില്‍ അസാധാരണമായ യോഗം വിളിച്ച് ഡിആര്‍ഡിഒ പരീക്ഷണം വിജയിച്ചെന്ന് രാജ്യത്തെ വീണ്ടും അറിയിക്കുകയും വിശദീകരിക്കുകയും ചെയ്തത് പ്രതിരോധത്തിലായ ബിജെപി സര്‍ക്കാരിന് വേണ്ടിയാണെന്ന വാദവും ഉയര്‍ന്നിരിക്കുകയാണ്.