ശ്രീനഗര്‍: ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ജമ്മു-ശ്രീനഗര്‍ ദേശീയപാതയില്‍ സാധാരണക്കാരുടെ വാഹനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി. തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സുരക്ഷാ സേനയുടെ വാഹനങ്ങള്‍ക്ക് സുഗമമായി കടന്നു പോകാന്‍ വേണ്ടിയാണ് ദേശീയപാതയില്‍ സാധാരണക്കാരുടെ വാഹനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.
ആഴ്ചയില്‍ രണ്ട് ദിവസമാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. പുലര്‍ച്ചെ നാലു മുതല്‍ വൈകിട്ട് അഞ്ചു മണി വരെ ഞായറാഴ്ചകളിലും ബുധനാഴ്ചകളിലുമാണ് യാത്രാവിലക്ക്. ബാരാമുല്ലയില്‍ നിന്ന് ഉദ്ധംപൂരിലേക്ക് പോകുന്ന വാഹനങ്ങള്‍ക്കും വിലക്ക് ബാധകമാകും. മെയ് 31 വരെ ഈ വിലക്ക് തുടരും.
ഇന്ത്യന്‍ ആര്‍മി, പോലീസ് എന്നീ ഉദ്യോഗസ്ഥരെ ഹൈവേയുമായി ബന്ധിപ്പിക്കുന്ന എല്ലാ റോഡുകളിലും പരിശോധനയുടെ ഭാഗമായി വിന്യസിക്കും. അടിയന്തരഘട്ടങ്ങളില്‍ മജിസ്‌ട്രേറ്റിന്റെ അനുവാദത്തോടു കൂടി ശക്തമായ പരിശോധനയ്ക്കു ശേഷം മാത്രമേ വാഹനം കടത്തിവിടുകയുള്ളൂ എന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് സുരക്ഷ ശക്തമാക്കാന്‍ തീരുമാനിച്ചത്. ഏപ്രില്‍ 11 നാണ് തെരഞ്ഞെടുപ്പ്.
Discussion about this post