ചെന്നൈ: വിവാഹാഭ്യര്‍ത്ഥന നിരസിച്ചത് യുവതിയെ പട്ടാപ്പകല്‍ കുത്തി കൊന്ന് പ്രതി ജീവനൊടുക്കി. സേലം നഞ്ച് റോഡ് സോണോ കോളേജ് ബസ് സ്റ്റോപ്പിനു സമീപമാണ് ദാരുണ സംഭവം നടന്നത്. ഐസ്‌ക്രീം കടയിലെ ജീവനക്കാരിയായ ഷെറിന്‍ ചിത്രഭാനു (25) ആണ് കൊല്ലപ്പെട്ടത്. ഇവര്‍ ശൂരമംഗലം ആസാദ് നഗര്‍ സ്വദേശിനിയാണ്. ഷെറിനെ കൊലപ്പെടുത്തിയതിനു ശേഷം പ്രതി കടയ്ക്കുള്ളില്‍ വെച്ച് തന്നെ തൂങ്ങിമരിക്കുകയായിരുന്നു.
54കാരനായ ഇനാമുള്ള എന്നയാളാണ് ഷെറിനെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്. ഷെറിന്‍ വിവാഹം വേര്‍പിരിഞ്ഞ് മക്കളുമായി മാതാപിതാക്കള്‍ക്കൊപ്പമാണ് താമസിച്ചു വന്നത്. ഇവരുടെ അയല്‍വാസിയായ ഇനാമുള്ളയും വിവാഹം ബന്ധം വേര്‍പ്പെടുത്തിയതാണ്. 6 മാസമായി ഇരുവരും പ്രണയത്തിലായിരുന്നുവെന്ന് പോലീസ് പറയുന്നു. എന്നാല്‍ വിവാഹം കഴിക്കാന്‍ പലവട്ടം ഇനാമുള്ള സമീപിച്ചുവെങ്കിലും ഷെറിന്‍ സമ്മതിച്ചിരുന്നില്ല. ഇതാണ് ക്രൂരകൊലപാതകത്തിലേയ്ക്ക് നയിച്ചത്. ഇനാനുള്ള വിദേശജോലി റിക്രൂട്ടിങ് ഏജന്റാണ്.
പലവട്ടം വിവാഹ അഭ്യര്‍ത്ഥന നടത്തിയിട്ടും ഫലം കണ്ടില്ല. എന്നിട്ടും ഇന്നലെ കടയില്‍ എത്തി വീണ്ടും അഭ്യര്‍ത്ഥന നടത്തി. എന്നാല്‍ ഷെറിന്‍ വഴങ്ങാതെ വന്നതോടെ ഇയാള്‍ കത്തി എടുത്ത് കഴുത്തിലും വയറ്റിലും കലി തീരും വരെ കുത്തുകയായിരുന്നു. പരിസരവാസികള്‍ എത്തിയെങ്കിലും ഇയാള്‍ കടയുടെ ഷട്ടര്‍ ഉള്ളില്‍ നിന്നു പൂട്ടി. പോലീസ് ഷട്ടര്‍ വെല്‍ഡിങ് യന്ത്രം ഉപയോഗിച്ചു മുറിച്ച ശേഷമാണ് അകത്തു കയറിയത്. തുറന്ന് അകത്ത് പ്രവേശിച്ചപ്പോഴേയ്ക്കും പ്രതി തൂങ്ങിമരിച്ചിരുന്നു.
ഇന്ന് പ്രണയവും അതിനെ തുടര്‍ന്നുണ്ടാകുന്ന കൊലപാതകങ്ങളും പതിവു കാഴ്ചയാണ്. ഒട്ടനവധി പേരാണ് ഇപ്പോള്‍ അത്തരം ആക്രമണങ്ങള്‍ക്ക് ഇരയാവുന്നത്. കഴിഞ്ഞ ദിവസങ്ങളിലായി കേരളത്തില്‍ തന്നെ രണ്ട് ആക്രമണങ്ങള്‍ നടന്നിരുന്നു. അതിലെ രണ്ട് ഇരകളും മരണപ്പെട്ടിരുന്നു. കേരളം ഇത്തരം ക്രൂരതകള്‍ക്ക് സാക്ഷിയാകുന്ന വേളയിലാണ് മറുനാട്ടിലും സമാന വിഷയത്തില്‍ ക്രൂരതകള്‍ അരങ്ങേറുന്നത്. പ്രണയം തകര്‍ന്നാല്‍ കൊലപാതകം! ഇതാണോ ഇപ്പോഴത്തെ ട്രെന്‍ഡിങ് എന്നാണ് സോഷ്യല്‍മീഡിയ ഉയര്‍ത്തുന്ന ചോദ്യം.
Discussion about this post