കൊല്‍ക്കത്ത: തെരഞ്ഞെടുപ്പ് പ്രചാരണത്തിന് അനുമതി ഇല്ലാതെ ഗാനം ഉപയോഗിച്ചതിന് ബിജെപിയുടെ തീം സോങിനു തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക്. ബംഗാളിലെ ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വേണ്ടി ബിജെപി തയ്യാറാക്കിയ തീം സോങാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കിയത്.
കേന്ദ്രമന്ത്രിയും ഗായകനുമായ ബാബുല്‍ സുപ്രിയോ ചിട്ടപ്പെടുത്തിയ ഗാനമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കിയത്. ഗാനത്തിന് മുന്‍കൂര്‍ അനുമതിയുണ്ടായിരുന്നില്ലെന്നും അനുമതി ലഭിക്കുന്നതിനു മുമ്പുതന്നെ പലയിടത്തും ഈ ഗാനം ഉപയോഗിച്ചത് ശ്രദ്ധയില്‍പ്പെട്ടുവെന്നും അഡീഷണല്‍ ചീഫ് ഇലക്ടറല്‍ ഓഫീസര്‍ സഞ്ജയ് ബസു പറഞ്ഞു. മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റിയുടെ മുന്‍കൂര്‍ അനുമതിയില്ലാതെ ഗാനം ഉപയോഗിച്ചത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേ സമയം ഗാനത്തിന്റെ ഉള്ളടക്കത്തിന് എതിരെ തൃണമൂല്‍ കോണ്‍ഗ്രസും പരാതി നല്‍കിയിട്ടുണ്ടായിരുന്നു. അമിത് ചക്രബര്‍ത്തി എഴുതിയ ഗാനത്തില്‍ ബംഗാളില്‍ താമര വിരിയുന്നതായും തൃണമൂല്‍ കോണ്‍ഗ്രസിനോട് ‘നോ’ പറയുന്നതായും കാണിക്കുന്നുണ്ട്. ‘ഈ തൃണമൂല്‍ കോണ്‍ഗ്രസ് ഇനിയുണ്ടാവില്ല’ എന്ന തലക്കെട്ടോടെ ഈ ഗാനം സുപ്രിയോ ട്വിറ്ററില്‍ ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു.