ന്യൂഡല്‍ഹി: ശത്രുഘ്നന്‍ സിന്‍ഹ കോണ്‍ഗ്രസില്‍ ചേര്‍ന്നു. തികഞ്ഞ ബിജെപി നേതാവായിരുന്നു അദ്ദേഹം. തലസ്ഥാനത്തെ എഐസിസി ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് അദ്ദേഹം അംഗത്വം സ്വീകരിച്ചത്. കോണ്‍ഗ്രസ് മാധ്യമ വിഭാഗം മേധാവി രണ്‍ദീപ് സിംഗ് സുര്‍ജെവാല, എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ തുടങ്ങിയ നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു സിന്‍ഹയുടെ കോണ്‍ഗ്രസ് പ്രവേശം.
‘രാജ്യത്തെ മികച്ച രാഷ്ട്രീയ നേതാവ് ഇന്നു ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചേരുകയാണ്. ഇതുവരെ അദ്ദേഹം തെറ്റായ പാര്‍ട്ടിക്കൊപ്പമായിരുന്നു, ഇന്ന് അദ്ദേഹം ശരിയായ പാര്‍ട്ടിയില്‍ ചേര്‍ന്നു,” പാര്‍ട്ടി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ പറഞ്ഞു. ഈ തെരഞ്ഞെടുപ്പ് ജനാധിപത്യ വിരുദ്ധമായ, വികസന വിരുദ്ധമായ മോഡി സര്‍ക്കാരിനെതിരായ പോരാട്ടമാണെന്നും വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം ബിജെപിയുടെ സ്ഥാപകദിനത്തില്‍ കോണ്‍ഗ്രസില്‍ എത്താന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് സിന്‍ഹ മാധ്യമങ്ങളോട് പറഞ്ഞു. മുതിര്‍ന്ന നേതാക്കളെ ബിജെപി നേതൃത്വം അവഗണിക്കുകയാണെന്നും സിന്‍ഹ കൂട്ടിച്ചേര്‍ത്തു. സിന്‍ഹയെ ബിജെപിയിലെ ‘ഷോട്ട് ഗണ്‍’ എന്നാണ് അറിയപ്പെട്ടിരുന്നത്. രാഹുല്‍ ഗാന്ധിയുടെയും സോണിയ ഗാന്ധിയുടെയും കൈകളില്‍ രാഷ്ട്രത്തിന്റെ ഭാവി സുരക്ഷിതമാണെന്നും അതിനാല്‍ അവരോടൊപ്പം ചേരുന്നുവെന്നും സിന്‍ഹ വ്യക്തമാക്കി.
Discussion about this post