ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈന്യം പാകിസ്താന്റെ എഫ്-16 വിമാനം വെടിവെച്ചിട്ടിട്ടില്ലെന്ന അവകാശവാദത്തെ തള്ളി ഇന്ത്യന്‍ വ്യോമസേന. അഭിനന്ദന്‍ വര്‍ദ്ധമാന്‍ പാകിസ്ഥാന്റെ എഫ് 16 വിമാനങ്ങള്‍ വെടിവച്ചിട്ടതിന് തെളിവുണ്ടെന്ന് ഇന്ത്യന്‍ വ്യോമസേന അധികൃതര്‍ പറയുന്നു.
റഡാറും ഇലക്ട്രോണിക് തെളിവുകളടക്കമുള്ള രേഖകള്‍ ഉണ്ടെന്നാണ് വ്യോമസേന അറിയിച്ചത്. രണ്ടു പാക് പൈലറ്റുമാര്‍ എഫ് 16 വിമാനത്തില്‍ നിന്ന് പാരച്യൂട്ട് വഴി രക്ഷപ്പെട്ടതായും വ്യോമസേന അറിയിച്ചു.
നേരത്തെ, പാകിസ്ഥാന് കൈമാറിയ എഫ് – 16 യുദ്ധവിമാനങ്ങള്‍ എല്ലാം ഇപ്പോഴും സുരക്ഷിതമായുണ്ടെന്നും എഫ് – 16 വിമാനങ്ങളെ തകര്‍ക്കുന്നതിനിടെയാണ് അഭിനന്ദന്‍ വര്‍ദ്ധമാന്‍ പറത്തിയ ഇന്ത്യയുടെ മിഗ് വിമാനം തകര്‍ന്നതെന്ന ഇന്ത്യയുടെ അവകാശവാദം തെറ്റാണെന്നും യുഎസ് മാഗസിന്‍ ആരോപിച്ചിരുന്നു. ഇതിനെതിരെയാണ് മറുപടിയുമായി വ്യോമസേന രംഗത്തെത്തിയത്.
ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ മാത്രമേ ഉപയോഗിക്കൂ എന്ന ഉറപ്പിലാണ് അമേരിക്ക എഫ് -16 വിമാനങ്ങള്‍ പാകിസ്ഥാന് നല്‍കിയിട്ടുള്ളത്. പാകിസ്ഥാന്‍ ഇന്ത്യയ്‌ക്കെതിരായ ആക്രമണത്തിന് എഫ് -16 ഉപയോഗിച്ചുവെന്നുള്ള റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് അമേരിക്ക കടുത്ത നടപടികള്‍ സ്വീകരിക്കുമെന്ന് സൂചനകളുണ്ടായിരുന്നു. എന്നാല്‍ ഇന്ത്യയുടെ സൈനികത്താവളം ആക്രമിക്കാന്‍ എഫ് -16 യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ചില്ലെന്നും പകരം ചൈനീസ് നിര്‍മ്മിതമായ ജെഎഫ് -17 ആണ് തങ്ങള്‍ ഉപയോഗിച്ചതെന്നുമാണ് പാക് സൈനിക വക്താവ് മേജര്‍ ആസിഫ് ഗഫൂറിന്റെ വാദം.
അതേസമയം, ഇന്ത്യയുടെ പക്കലുള്ള, വിമാനത്തിന്റെ ഘടകഭാഗമടക്കമുള്ള തെളിവുകള്‍ സ്ഥിരീകരിക്കുന്നത് എഫ് -16 വിമാനങ്ങള്‍ ദൗത്യത്തില്‍ ഉണ്ടായിരുന്നെന്നാണ്. പാകിസ്ഥാന്‍ എഫ്-16 ഉപയോഗിച്ചതിന്റെ തെളിവ് ഇന്ത്യ അമേരിക്കയ്ക്കു നല്‍കിയിരുന്നു. ഇന്ത്യയില്‍ പതിച്ച അംറാം 120 മിസൈല്‍ (അഡ്വാന്‍സ്ഡ് മീഡിയം റേഞ്ച് എയര്‍ ടു എയര്‍ മിസൈല്‍ ) എഫ്- 16 വിമാനത്തില്‍ ഉപയോഗിക്കുന്നതാണ്. ഇതിന്റെ അവശിഷ്ടങ്ങളാണ് ഇന്ത്യന്‍ മണ്ണില്‍ കണ്ടെത്തിയത്.
Discussion about this post