ന്യൂഡല്‍ഹി: സിവില്‍ സര്‍വീസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. കനിഷക് കടാരിയക്കാണ് ഒന്നാം റാങ്ക്. വനിതാ വിഭാഗത്തില്‍ ശ്രുതി ജയന്ത് ദേശ്മുഖ് ഒന്നാമതെത്തി. ഓള്‍ ഇന്ത്യാ തലത്തില്‍ അഞ്ചാമതാണ് ശ്രുതിയുടെ റാങ്ക്. അക്ഷത് ജയിൻ, ജുനൈദ് അഹമ്മദ്, ശ്രേയംസ് കുമാത്, ശ്രുതി ജയന്ത് ദേശ്മുഖ് എന്നിവർ 2 മുതൽ 5 വരെ റാങ്കുകൾ കരസ്ഥമാക്കി.
ഐഐടി ബോംബെയില്‍നിന്ന് കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ്ങില്‍ ബിരുദം നേടിയ കനിഷക് ഗണിതശാസ്ത്രമാണ് ഐച്ഛികവിഷയമായി തിരഞ്ഞെടുത്തത്.
പുറത്ത് വന്ന വിവരമനുസരിച്ച് തൃശൂര്‍ സ്വദേശി ശ്രീലക്ഷ്മി റാം 29ാ-ം റാങ്ക് നേടി മലയാളികളുടെ അഭിമാനമായി. റിട്ടയേര്‍ഡ് എസ്ബിഐ ഉദ്യോഗസ്ഥരായ വിഎ രാമചന്ദ്രന്‍-കലാദേവി ദമ്പതികളുടെ മകളാണ്.
കൂടാതെ കേരളത്തില്‍ നിന്നും ആദ്യമായി ആദിവാസി പെണ്‍കുട്ടിയും സിവില്‍ സര്‍വീസ് നേട്ടം സ്വന്തമാക്കിയിരിക്കുന്നു. വയനാട് പൊഴുതന സ്വദേശിനിയായ ശ്രീധന്യയാണ് 410-ാം റാങ്ക് നേടി കേരളത്തിന്റെ അഭിമാനമായത്. ഇതാദ്യമായാണ് ആദിവാസി വിഭാഗത്തില്‍ നിന്ന് ഒരു മലയാളി പെണ്‍കുട്ടി ഈ നേട്ടത്തിന് അര്‍ഹയാകുന്നത്.
ആദ്യ 25 റാങ്ക് ജേതാക്കളില്‍ പതിനഞ്ചുപേര്‍ പുരുഷന്മാരും പത്തു സ്ത്രീകളുമാണുള്ളത്. 759 പേരാണ് നിയമനത്തിന് യോഗ്യത നേടിയിട്ടുള്ളത്. ഇവരില്‍ 577 പുരുഷന്മാരും 182 സ്ത്രീകളും ഉള്‍പ്പെടുന്നു.
2018 ജൂണ്‍ മാസത്തിലാണ് പ്രിലിമിനറി പരീക്ഷ നടന്നത്. പത്തുലക്ഷത്തോളം പേരാണ് പ്രിലിമിനറി പരീക്ഷ എഴുതിയത്. സെപ്റ്റംബര്‍-ഒക്ടോബര്‍ മാസങ്ങളിലായി നടന്ന മെയിന്‍ പരീക്ഷയ്ക്ക് 10648 പേര്‍ യോഗ്യത നേടി. ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളിലായി നടന്ന അഭിമുഖത്തില്‍ 1994 പേരാണ് പങ്കെടുത്തത്.