ന്യൂഡല്‍ഹി: ലോക്സഭാ സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് സ്പീക്കര്‍ സുമിത്രാ മഹാജനും രംഗത്ത്. നേരത്തെ ഇതേ വിഷയത്തില്‍ പ്രതിഷേധിച്ച് ബിജെപി മുതിര്‍ന്ന നേതാക്കള്‍ എല്‍കെ അദ്വാനിയും മുരളീ മനോഹര്‍ ജോഷിയും രംഗത്ത് വന്നിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിന് ഇനി 17 നാള് മാത്രം ബാക്കി നില്‍ക്കെയാണ് നേതാക്കള്‍ക്കിയില്‍ പൊട്ടിത്തെറി രൂക്ഷമാകുന്നത്.
സുമിത്രാമഹാജന്റെ സിറ്റിംഗ് മണ്ഡലമാണ് ഇന്‍ഡോര്‍. ഇതുവരെ അവിടെ സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കാത്തതിലാണ് തനിക്ക് പ്രതിഷേധം എന്ന് സ്പീക്കര്‍ പറയുന്നു. നേരത്തെ സ്ഥാനാര്‍ത്ഥി നിര്‍ണയം വൈകുന്നതില്‍ പ്രതിഷേധിച്ച് അവര്‍ ബിജെപി നേതൃത്വത്തിന് കത്തയച്ചിരുന്നു. മണ്ഡലത്തില്‍ താന്‍ മത്സരിക്കാനില്ലെന്നും ഇവിടെ വേറെ ആരെയെങ്കിലും പരിഗണിക്കണമെന്നുമാണ് സുമിത്രയുടെ ആവശ്യം.
കഴിഞ്ഞ ദിവസം ഇന്‍ഡോറില്‍ നടന്ന ബിജെപി പരിപാടിയില്‍ നിന്നും സുമിത്ര വിട്ട് നിന്നിരുന്നു. സീറ്റ് നല്‍കാത്തതിന്റെ അതൃപ്തി കാരണമാണെന്നാണ് അതോടെ വാര്‍ത്തകള്‍ പ്രചരിച്ചത്. ഇതിനിടയിലാണ് സുമിത്രയുടെ കത്ത് പുറത്ത് വന്നത്.
‘ഇന്‍ഡോര്‍ മധ്യപ്രദേശിലെ പ്രധാന വാണിജ്യ കേന്ദ്രമാണ്. അവിടെ ആര് മത്സരിക്കണം എന്ന് തീരുമാനിക്കുന്നത് പാര്‍ട്ടി തന്നെയാണ്. അവര്‍ ഇതേപ്പറ്റി പ്രതികരിക്കാത്തപക്ഷം തനിക്ക് ഒന്നും പറയാനാകില്ല. പാര്‍ട്ടി വക്താക്കളോട് ഇതേക്കുറിച്ച് കൂടുതല്‍ സംസാരിക്കാനോ ഇന്‍ഡോറിലെ സ്ഥാനാര്‍ത്ഥിത്വം വൈകുന്നതിന്റെ കാരണം തേടി പോകാനോ താനില്ല. ഉചിതമായ തീരുമാനം ഉചിതമായ സമയത്ത് പാര്‍ട്ടി സ്വീകരിക്കും. സ്ഥാനാര്‍ത്ഥികളായി മറ്റു നേതാക്കളുടെ പേര് ആലോചിക്കുന്നതില്‍ യാതൊരു തെറ്റുമില്ല. അത് തികച്ചും സ്വാഭാവികവും നല്ല തീരുമാനവുമാണ്. ഇപ്പോള്‍ ഞങ്ങളുടെ ലക്ഷ്യം ശക്തമായ ഭൂരിപക്ഷത്തോടെ പ്രധാനമന്ത്രി നരേന്ദ്രമോഡിയെ വീണ്ടും അധികാരത്തിലെത്തിക്കുക എന്നതാണ്’..സുമിത്ര വ്യക്തമാക്കിയിരുന്നു.
Discussion about this post