വിജോയ്‌നഗര്‍: രാജ്യസഭ തെരഞ്ഞെടുപ്പും ലോക്‌സഭ തെരഞ്ഞെടുപ്പും ഒരുമിച്ച് നടക്കുന്ന അരുണാചല്‍ പ്രദേശിലെ ചങ്‌ലാങ് ജില്ലയിലേക്ക് പോളിങ് ഉദ്യോഗസ്ഥര്‍ തെരഞ്ഞെടുപ്പിന് ഒരാഴ്ച്ചയ്ക്ക് മുമ്പേ പുറപ്പെട്ടു. സംഘം വ്യോമസേനയുടെ ഹെലികോപ്റ്ററിലാണ് യാത്ര തിരിച്ചത്. ഇന്നലെ ആണ് വ്യോമസേനയുടെ എംഐ-17 ഹെലികോപ്റ്ററില്‍ ഉദ്യോഗസ്ഥ സംഘം മിയാവോയില്‍ നിന്ന് വിജോയ്‌നഗറിലേക്ക് പുറപ്പെട്ടത്.
റോഡ് മാര്‍ഗം പോവുകയാണെങ്കില്‍ അവിടെ എത്തിച്ചേരാന്‍ ആറു ദിവസം എടുക്കുമെന്നതിനാലും കാലാവസ്ഥാ വ്യതിയാനം കാരണവുമാണ് സംഘം തെരഞ്ഞെടുപ്പിന് ഒരാഴ്ച്ച മുമ്പേ വിജോയ്‌നഗറിലേക്ക് പുറപ്പെട്ടത്. റാം നഗര്‍, ഗാന്ധിഗ്രാം, വിജോയ്‌നഗര്‍, ടുഹട്ട് എന്നീ നാല് പോളിങ് സ്‌റ്റേഷനുകളാണ് ഇവിടെ ഉള്ളത്. ആകെ 3181 വോട്ടര്‍മാരാണ് ഇവിടെ ഉള്ളത്. എല്ലാ ടീമിലും ഒരു പ്രിസൈടിങ് ഓഫീസറും നാല് പോളിങ് ഓഫീസര്‍മാരും രണ്ട് പോലീസുകാരുമാണ് ഉള്ളത്.
മിയാവോയിലെ നംഫട നാഷണല്‍ പാര്‍ക്കില്‍ നിന്ന് 163 കീലോമീറ്റര്‍ അകലെയാണ് വിജോയ്‌നഗര്‍. സാധാരണ രീതിയില്‍ പോവുകയാണെങ്കില്‍ ആറു ദിവസമെടുക്കുന്ന യാത്ര ഹെലികോപ്റ്റര്‍ മാര്‍ഗം 25 മിനുട്ട് കൊണ്ട് എത്തിച്ചേരാന്‍ സാധിക്കും. ഏപ്രില്‍ പതിനൊന്നിനാണ് അരുണാചല്‍ പ്രദേശില്‍ നിയമസഭയിലേക്കും ലോക്‌സഭയിലേക്കും തെരഞ്ഞെടുപ്പ് നടക്കുന്നത്. മെയ് 23നാണ് തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം.
Discussion about this post