മാനന്തവാടി: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നുവെന്ന് അറിഞ്ഞതു മുതല്‍ കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും ആവേശത്തിലാണ്. തെരഞ്ഞെടുപ്പില്‍ വയനാട്ടില്‍ വിജയിക്കുന്നത് രാഹുലായിരിക്കണമെന്ന അതിയായ ആഗ്രഹം പ്രവര്‍ത്തകുടെ ഉള്ളിലുണ്ട്.
അതിനാല്‍ തിരുനെല്ലി ക്ഷേത്രത്തില്‍ രാഹുലിനായി പ്രത്യേക പൂജ നടത്തുകയാണ് കോണ്‍ഗ്രസ് നേതാവും അഭിഭാഷകനുമായ ശ്രീകാന്ത് പട്ടയന്‍. രാഹുലിന്റെ പേരില്‍ ഉദയാസ്മന പൂജയ്ക്കായി ശ്രീകാന്ത് തിരുനെല്ലി ദേവസ്വത്തില്‍ ബുക്ക് ചെയ്തിട്ടുണ്ട്. 1991 ല്‍ രാജീവ് ഗാന്ധിയുടെ ചിതാഭസ്മം തിരുനെല്ലി പാപനാശിനിയില്‍ കോണ്‍ഗ്രസ് നേതാക്കളായ കെ കരുണാകരന്, എകെ ആന്റണി, മുല്ലപ്പള്ളി രാമചന്ദ്രന്, രമേശ് ചെന്നിത്തല എന്നിവരുടെ നേതൃത്വത്തില്‍ നിമജ്ജനം ചെയ്തിരുന്നു.
ഇന്നലെ രാത്രിയോടെ കോഴിക്കോട് എത്തിയ രാഹുല്‍ ഗാന്ധി ഇന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. സഹോദരിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധിക്കും കോണ്‍ഗ്രസ് – ലീഗ് നേതാക്കള്‍ക്കുമൊപ്പമാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ രാഹുല്‍ ഗാന്ധി എത്തുക.
Discussion about this post