വാഷിങ്ടണ്‍: അമേരിക്ക വിദേശ സൈനിക വിപണന പരിപാടി (എഫ്എംഎസ്)
യുമായി ബന്ധപ്പെട്ട് ഇന്ത്യക്ക് 24 എംഎച്ച് 60 ആര് ഹെലികോപ്റ്ററുകള്‍ നല്‍കും. 2.60 ലക്ഷം കോടിയാണ് വില. എഫ്എംഎസിന്റെ ഭരണചുമതല വഹിക്കുന്ന പ്രതിരോധ സുരക്ഷാ സഹകരണ ഏജന്‍സി (ഡിഎസ്സിഎ) പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് അറിയിപ്പ്.
ഇതു സംബന്ധിച്ചുള്ള വിവരം പ്രതിരോധവകുപ്പ് യുഎസ്കോണ്ഗ്രസിനെ അറിയിച്ചു. തീരുമാനമെടുക്കാന്‍ 30 ദിവസത്തെ സമയപരിധിയാണ് നിശ്ചയിച്ചിരിക്കുന്നത്. എന്നാല്‍, യുഎസ്കോണ്ഗ്രസിന്റെ അംഗീകാരമില്ലാതെയും വില്‍പ്പന നടക്കും.
നാറ്റോ രാജ്യങ്ങളിലല്ലാതെ മറ്റ് ഏതെങ്കെിലും രാജ്യത്തിന് 1.40 കോടിയിലധികം ആയുധങ്ങള്‍ അമേരിക്ക കൈമാറുകയാണെങ്കില്‍ യുഎസ്കോണ്ഗ്രസിനെ അറിയിക്കണമെന്നാണ് ചട്ടം. അമേരിക്കയില്‍നിന്ന് എംഎച്ച് 60 ആര് ഹെലികോപ്റ്ററുകള്‍ ലഭിക്കുന്നതോടുകൂടി ഇന്ത്യ അന്തരീക്ഷവേധ- സമുദ്രാന്തര്വാഹിനിവേധ ശക്തിയായി മാറും.
ഇത് ഇന്ത്യയെ പ്രാദേശിക ശക്തിയായി മാറ്റുന്നതിനും രാജ്യസുരക്ഷ വര്‍ധിപ്പിക്കാനും ഉപകരിക്കുമെന്ന് ഡിഎസ്സിഎ പറഞ്ഞു. വിവരം ഇന്ത്യയെ ലെറ്റര്‍ ഓഫ് ഓഫര്‍ ആന്‍ഡ് അക്സപ്റ്റന്‍സ് (എല്‍ഒഎ) വഴി ഔദ്യോഗികമായി അറിയിക്കും. 60 ദിവസത്തിനകം ഇന്ത്യ മറുപടി നല്‍കണം. ഇതിനുള്ളില്‍ കരാറില്‍ നിന്ന് പിന്മാറാതിരിക്കാനായി ഇന്ത്യ പ്രാരംഭ നിക്ഷേപം നടത്തുകയും വേണം. അതല്ലെങ്കില്‍ കരാര്‍ റദ്ദാക്കും.
ആയുധങ്ങള്‍ വേണമെന്ന ആവശ്യത്തിനു പുറമെ സൈനികര്‍ക്ക് പരിശീലനവും ട്രെയ്നിങ് സാമഗ്രികളും ലഭ്യമാക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്. 2016ലാണ് ഇന്ത്യ അമേരിക്കയുടെ മുഖ്യ ആയുധ പങ്കാളിയായത്. ഇന്ത്യയും അമേരിക്കയും തമ്മില്‍ സൈനിക — വാര്‍ത്താവിനിമയ സഹകരണത്തിനായി നേരത്തെ കോംകാസ കരാറില്‍ ഒപ്പുവച്ചിരുന്നു.
Discussion about this post