ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ എല്ലാ പ്രചാരണ പരിപാടികളും തത്സമയം സംപ്രേക്ഷണം ചെയ്യുന്ന നമോടിവി എന്ന ചാനലിന്റെ പ്രക്ഷേപണത്തെ കുറിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന് കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തോട് വിശദീകരണം തേടി.
ചാനലിന്റെ പ്രക്ഷേപണം മാതൃകാ പെരുമാറ്റച്ചട്ടം ലംഘിക്കുന്നതാണെന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തെ തുടര്‍ന്നാണ് നടപടി. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വേണ്ടി ടെലിവിഷന്‍ ചാനല്‍ പ്രവര്‍ത്തിക്കുന്നത് പെരുമാറ്റച്ചട്ട ലംഘനമാണോ എന്ന കാര്യം പരിശോധിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും പരാതി നല്‍കിയിരുന്നു.
ചാനല്‍ സംപ്രേഷണം കേന്ദ്ര വാര്‍ത്താ വിതരണമന്ത്രാലയം തടയില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു. നമോ ടിവി മുഴുവന്‍ സമയ ടെലിവിഷന്‍ ചാനല്‍ അല്ലെന്നും, ഒരു പരസ്യ പ്ലാറ്റ്ഫോം മാത്രമാണെന്നുമായിരുന്നു ഐ&ബി മന്ത്രാലയത്തിന്റെ നിലപാട്. നിലവില്‍ എല്ലാ ഡിടിഎച്ച് പ്ലാറ്റ്ഫോമുകളിലും നമോ ടിവി ലഭ്യമാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ചിത്രം ലോഗോ ആയി ഉപയോഗിക്കുന്ന നമോ ടിവി, ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കഴിഞ്ഞ ആഴ്ചയാണ് പ്രക്ഷേപണം ആരംഭിച്ചത്. ഡിടിഎച്ച്, കേബിള്‍ ശൃംഖലകളില്‍ ചാനല്‍ ലഭ്യമാണ്. പ്രധാനമന്ത്രിയുടെ പ്രഭാഷണങ്ങളും ബിജെപി നേതാക്കളുടെ അഭിമുഖങ്ങളും അടക്കം ബിജെപി അനുകൂല ഉള്ളടക്കമാണ് നമോ ടിവിക്ക് ഉള്ളതെന്ന് ചൂണ്ടിക്കാട്ടിയാണ് ചാനലിനെതിരെ പരാതി ഉന്നയിക്കപ്പെട്ടിരിക്കുന്നത്.
പ്രധാനമന്ത്രിയുടെ ചിത്രം ലോഗോ ആയി ഉപയോഗിക്കുന്നതിന് അനുമതി നല്‍കിയിട്ടുണ്ടോ എന്ന കാര്യം പരിശോധിക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെടുന്നു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്ന ശേഷം രാഷ്ട്രീയ പാര്‍ട്ടിക്കുവേണ്ടിയുള്ള ചാനല്‍ പ്രവര്‍ത്തിക്കുന്നതിന് കമ്മിഷന് അനുമതി നല്‍കിയിട്ടുണ്ടോ എന്ന് പരിശോധിക്കണം. അനുമതിയില്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെങ്കില്‍ ഇതിനെതിരെ എന്തു നടപടി സ്വീകരിച്ചു എന്ന് വ്യക്തമാക്കണമെന്നും എഎപി തിരഞ്ഞെടുപ്പ് കമ്മിഷന് നല്കിയ പരാതിയില്‍ പറയുന്നു.
ഈ ടിവിയുടെ ഉടമ ആരെന്നോ, ഇതിനുള്ള ഫണ്ട് എവിടെ നിന്നാണ് വരുന്നതെന്നോ ഉള്ള കാര്യത്തില്‍ ഇനിയും വ്യക്തതയില്ല. ഇതേ പേരിലുള്ള വെബ്സൈറ്റിന്റെ ഡൊമൈന്‍ നെയിം റജിസ്റ്റര്‍ ചെയ്തിരിക്കുന്നതും അജ്ഞാതന്‍ എന്ന പേരിലാണ്. ബിജെപി ഇന്ത്യ എന്ന ബിജെപിയുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലാണ് ചാനല്‍ തുടങ്ങുന്ന വിവരം ട്വീറ്റ് ചെയ്തത്. ബിജെപിയുടെ ഔദ്യോഗിക ഹാന്‍ഡില്‍ ഏറ്റവുമൊടുവില്‍ പുറത്തുവിട്ട ട്വീറ്റില്‍പ്പോലും മോഡിയുടെ പരിപാടി തത്സമയം നമോ ടിവിയില്‍ ലഭ്യമാണെന്ന് പറഞ്ഞിട്ടുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ മേം ഭി ചൗക്കിദാര്‍ എന്ന പരിപാടി സംപ്രേഷണം ചെയ്തതുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷന് ദൂരദര്‍ശനോടും വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. പ്രധാനമന്ത്രിയുടെ പ്രഭാഷണം സംപ്രേഷണം ചെയ്യുകവഴി ബിജെപി ദൂരദര്‍ശനെ ദുരുപയോഗിച്ചതായി ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷന് കത്തെഴുതിയിരുന്നു.
Discussion about this post