താനെ: മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ വധത്തില്‍ ആര്‍എസ്എസിന് പങ്കുണ്ടെന്ന് ആരോപിച്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കും കോടതി അപകീര്‍ത്തി കേസില്‍ നോട്ടീസയച്ചു. ആര്‍എസ്എസ് പ്രവര്ത്തകന് നല്കിയ അപകീര്‍ത്തി കേസിലാണ് താനെ കോടതിയുടെ നടപടി. ഏപ്രില്‍ 30ന് മുമ്പ് കോടതിക്ക് മുന്നില്‍ ഹാജരാകണമെന്നാണ് നോട്ടീസില്‍ പറയുന്നത്.
വിവേക് ചമ്പനേക്കര്‍ എന്ന ആര്‍എസ്എസ് പ്രവര്‍ത്തകനാണ് രാഹുലും യെച്ചൂരിയും ലങ്കേഷ് വധവുമായി ആര്‍എസ്എസിനെ ബന്ധിപ്പിച്ച് അപമാനിച്ചെന്നും നഷ്ടപരിഹാരമായി ഒരു രൂപ നല്‍കണമെന്നും ആവശ്യപ്പെട്ട് ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്.
ബംഗളൂരുവിലെ വസതിക്ക് മുന്നില്‍ 2017 സെപ്റ്റംബര്‍ 5നാണ് ഗൗരി ലങ്കേഷ് വെടിയേറ്റ് മരിച്ചത്. ഈ സംഭവത്തിനു പിന്നാലെ നടത്തിയ പരാമര്‍ശത്തില്‍ രാഹുല്‍ഗാന്ധി, ബിജെപിയുടേയും ആര്‍എസ്എസിന്റേയും ആശയത്തിന് എതിരായി സംസാരിക്കുന്നവരെ അവര്‍ സമ്മര്‍ദ്ദത്തിലാക്കുകയും മര്‍ദ്ദിക്കുകയും ആക്രമിക്കുകയും ചിലപ്പോള്‍ കൊന്നുകളയുകയും ചെയ്യുമെന്ന് പറഞ്ഞിരുന്നു.
സീതാറാം യെച്ചൂരി പ്രതികരിച്ചത് ലങ്കേഷ് വധത്തിന് പിന്നില്‍ ആര്‍എസ്എസ് ആശയവും ആര്‍എസ്എസിന്റെ ആളുകളുമാണ് എന്നായിരുന്നു. രാഹുലിനും യെച്ചൂരിക്കുമെതിരെ മുംബൈ കോടതിയിലും ഈ വിഷയത്തില്‍ അപകീര്‍ത്തി കേസ് നിലവിലുണ്ട്.
Discussion about this post