ബംഗളൂരു: ഭാര്യയെയും വളര്‍ത്തുനായയേയും കൊലപ്പെടുത്തിയതിനു ശേഷം യുവാവ് ആത്മഹത്യ ചെയ്തു. ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയതിനു ശേഷം വളര്‍ത്തുനായയെ താമസിക്കുന്ന അപ്പാര്‍ട്ട്മെന്റിന്റെ മുകളില്‍ നിന്നും താഴേക്കെറിഞ്ഞാണ് ഇയാള്‍ കൊലപ്പെടുത്തിയത്. പിന്നാലെ കെട്ടിടത്തില്‍ നിന്നും ചാടി യുവാവ് യുവാവ് ആത്മഹത്യ ചെയ്യുകയായിരുന്നു. ബംഗളൂരുവില്‍ ഗായത്രി വിഹാറിന് സമീപമാണ് സംഭവം. അതുല്‍ ഉപാധ്യായയെന്ന ബിസിനസുകാരനാണ് നഗരത്തെ ഞെട്ടിച്ച ക്രൂരകൃത്യം ചെയ്തത്.
ജിമ്മില്‍ ഉപയോഗിക്കുന്ന ഡംബല്‍ കൊണ്ട് യുവാവ് ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് സൂചന. ശേഷം, വളര്‍ത്തുനായയെ കെട്ടിടത്തില്‍ നിന്നും താഴേയ്ക്കെറിഞ്ഞ് യുവാവും പിന്നാലെ ചാടുകയായിരുന്നു.
കൊലപാതകത്തിനു മുമ്പ് ദമ്പതിമാര്‍ ഇരുവരും വഴക്കിട്ടിരുന്നതായി ഇവരുടെ അപ്പാര്‍ട്ട്മെന്റില്‍ താമസിച്ചിരുന്ന ബന്ധു പോലീസിന് മൊഴി നല്കി. ഇരുവരും കുറച്ചുനാളായി അസ്വസ്ഥരായിരുന്നെന്നും മൊഴിയില്‍ പറയുന്നു.
അതുലിന്റേതെന്ന് കരുതുന്ന കണ്ടെടുത്ത ആത്മഹത്യ കുറിപ്പില്‍ കാന്‍സര്‍ ഗുരുതരമായ ഒരു രോഗമാണെന്നും, കാന്‍സറിനേക്കാള്‍ ഭേദം ഈ അവസ്ഥയാണെന്നും പറയുന്നുണ്ട്. എന്നാല്‍ ദമ്പതികളില്‍ ആര്‍ക്കാണ് കാന്‍സര്‍ ബാധ എന്നതിനെ കുറിച്ച് ഇനിയും വ്യക്തമായിട്ടില്ല.
കുഞ്ഞുങ്ങളില്ലാത്ത ഈ ദമ്പതികള്‍ വീട്ടില്‍ വളര്‍ത്തിയിരുന്ന പട്ടിയെ സ്വന്തം കുഞ്ഞിനെ പോലെയാണ് പരിപാലിച്ചിരുന്നതെന്ന് അയല്‍ക്കാര്‍ പറയുന്നു. അയല്‍ക്കാരുമായി വലിയ അടുപ്പം പുലര്‍ത്താത്ത പ്രകൃതമായിരുന്നു ഇവരുടേത്. അതുകൊണ്ട് തന്നെ മരണകാരണത്തെ കുറിച്ച് ഇനിയും സംശയങ്ങള്‍ ബാക്കിയുണ്ടെന്നും അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിച്ചു.
Discussion about this post