കൊല്‍ക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ബംഗാളിലെ തെരഞ്ഞെടുപ്പ് റാലിയ്ക്ക് ആളുകളെ എത്തിക്കാനായി ബിജെപി ചെലവിട്ടത് 53 ലക്ഷം രൂപ. നാല് പ്രത്യേക ട്രെയിനുകളിലാണ് ആളുകളെ റാലിക്കെത്തിക്കുന്നത്. ഇതിനായി 53 ലക്ഷം രൂപ ചെലവാക്കി എന്നാണ് ബംഗ്ലാ ന്യൂസ് ഡെയ്ലിയായ അനന്തബസാര് പത്രിക റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഹൗറ സ്റ്റേഷനിലേക്ക് ജര്‍ഗ്രാം ലാല്‍ഗോള, റാംപൂര്‍ഹട്ട് എന്നിവിടങ്ങളില്‍ നിന്നാണ് പ്രത്യേക ട്രെയിനുകള്‍ എത്തുന്നത്. പശ്ചിമബംഗാളിലില് നിന്നും സൗത്ത് 24 പര്‍ഗാനയില്‍ നിന്നും റാലിക്ക് ആളുകള്‍ എത്തുമെന്നാണ് നേതാക്കളുടെ അവകാശവാദം. കൊല്‍ക്കത്തയിലെ ബ്രിഗേഡ് ഗ്രൗണ്ടിലാണ് മോഡിയുടെ റാലി. കൊല്‍ക്കത്തയിലും സിലിഗുരിയിലുമാണ് മോഡി റാലി നടത്തുന്നത്.
പ്രധാനമന്ത്രിയുടെ റാലിയില്‍ വമ്പിച്ച ജനപങ്കാളിത്തം വേണമെന്ന് കേന്ദ്രം പ്രത്യേക നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്നാണ് ഇത്രയും തുക ചെലവാക്കി ആളുകളെ എത്തിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. കുറഞ്ഞ സമയത്തിനുള്ളില്‍ ഗ്രൗണ്ട് ആളുകളെ കൊണ്ട് നിറച്ച പാര്‍ട്ടിയെന്ന അംഗീകാരം ബിജെപിക്ക് ആയിരിക്കുമെന്നാണ് ബിജെപി സ്റ്റേറ്റ് കമ്മിറ്റി നേതാവ് ഈ വാര്‍ത്തയോട് പ്രതികരിച്ചത്. കവാക്കാലി ഗ്രൗണ്ടില്‍ വെച്ച് റാലി നടത്താനായിരുന്നു ആദ്യം തീരുമാനിച്ചത്. എന്നാല്‍ സര്‍ക്കാര്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് വേദി മാറ്റുകയായിരുന്നു.
Discussion about this post