70 വര്‍ഷം കൊണ്ട് കോണ്‍ഗ്രസ് ഒന്നും പൂര്‍ത്തീകരിച്ചിട്ടില്ല; പിന്നെ അഞ്ച് വര്‍ഷം കൊണ്ട് താനെന്ത് ചെയ്യും? ഒരു തവണകൂടി അവസരം തരൂ; തന്ത്രം പുതുക്കി മോഡി

പാറ്റ്‌ന: വികസന പ്രവര്‍ത്തനങ്ങളും വാഗ്ദാനങ്ങളും പൂര്‍ത്തീകരിക്കാന്‍ ഒരുതവണ കൂടി അവസരം നല്‍കണമെന്ന ആവശ്യവുമായി ജനങ്ങള്‍ക്ക് മുന്നില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി. താന്‍ എല്ലാ വാഗ്ദാനങ്ങളും പൂര്‍ത്തീകരിച്ചെന്ന് അവകാശപ്പെടുന്നില്ലെന്നും സമയം വേണമെന്നും മോഡി പറഞ്ഞു. 70 വര്‍ഷം കിട്ടിയിട്ട് പോലും കോണ്‍ഗ്രസിന് ഒന്നും പൂര്‍ത്തിയാക്കാനായില്ല. പിന്നെങ്ങനെ അഞ്ചു വര്‍ഷം കൊണ്ട് താന്‍ വാഗ്ദാനങ്ങള്‍ നിറവേറ്റും. കുറേ കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കാനുണ്ട്. അതിനുള്ള പ്രാപ്തിയുമുണ്ട്. എന്നാല്‍ ഇതിനൊക്കെ കഠിന പരിശ്രമവും ജനങ്ങളുടെ ആശിര്‍വാദവും ആവശ്യമാണ്. അഞ്ചു വര്‍ഷത്തേക്ക് കൂടി അവസരം ചോദിച്ച് ബിഹാറിലെ ജമുയിയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ മോഡി സംസാരിച്ചതിങ്ങനെ.

ഏപ്രില്‍ 11ന് ആദ്യഘട്ടത്തിലാണ് ജമുയിയില്‍ വോട്ടെടുപ്പ് നടക്കുന്നത്. അതിനാല്‍ ബിജെപിയും മോഡിയും ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും പ്രചാരണം ശക്തമാക്കിയിരിക്കുകയാണ്.

പതിവുപോലെ കോണ്‍ഗ്രസിനെതിരെയും നെഹ്‌റു-ഗാന്ധി കുടുംബത്തിനെതിരേയും ആഞ്ഞടിച്ച മോഡി, കോണ്‍ഗ്രസും സഖ്യകക്ഷികളും ഭരണത്തിലിരിക്കെ രാജ്യം റിവേഴ്‌സ് ഗിയറിലാണ് സഞ്ചരിച്ചിരുന്നതെന്നും കുറ്റപ്പെടുത്തി. തീവ്രവാദം, വിലക്കയറ്റം, ആക്രമണം, അഴിമതി, കള്ളപ്പണം എന്നിവയുടെയൊക്കെ വളര്‍ച്ച മാത്രമാണ് യുപിഎ കാലത്ത് സംഭവിച്ചതെന്നും സൈന്യത്തിന്റേയും രാജ്യത്തിന്റേയും ശോഭ കെട്ടെന്നും അദ്ദേഹം ആഞ്ഞടിച്ചു.

Exit mobile version