ന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശില്‍ നിന്നും സായുധ സേനയ്ക്ക് പ്രത്യേക അധികാരം നല്കുന്ന വിവാദ നിയമം പിന്‍വലിക്കുന്നതായി റിപ്പോര്‍ട്ട്. ആദ്യഘട്ടത്തില്‍ മൂന്ന് ജില്ലകളില്‍ നിന്ന് അഫ്സ്പ(ആര്‍മെഡ് ഫോഴ്സ് സ്പെഷ്യല്‍ പവര്‍ ആക്ട്) പിന്‍വലിച്ചെന്ന് ചൊവ്വാഴ്ച കേന്ദ്ര പ്രതിരോധ മന്ത്രാലയം അറിയിച്ചു.
പ്രശ്ന ബാധിതമെന്ന് വിലയിരുത്തിയ അരുണാചലിലെ ഒമ്പത് ജില്ലകളിലാണ് അഫ്സ്പ നിലവിലുള്ളത്. മാര്‍ച്ച് 31ന് മുമ്പായി ആറ് ജില്ലകളില്‍ നിന്നും സേനയെ പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട് പരിശോധനകള്‍ നടത്തിയെന്നും ഏറെ വിലയിരുത്തലുകള്‍ക്ക് ശേഷമാണ് മൂന്ന് ജില്ലകളില്‍ നിന്നും സേനയെ പിന്‍വലിക്കാന്‍ തീരുമാനിച്ചതെന്നും മന്ത്രാലയം അറിയിച്ചു.
1976-ലെ പ്രത്യേക നിയമമാണ് ഇന്ത്യന്‍ സായുധസേനയ്ക്ക് പ്രശ്നബാധിതമായ അരുണാചലിലെ പ്രദേശങ്ങളില്‍ പ്രത്യേക അധികാരങ്ങള്‍ അനുവദിക്കുന്നത്. എന്നാല്‍ സൈന്യത്തിന്റെ സാന്നിധ്യം ജനജീവിതത്തെ കാര്യമായി ബാധിക്കുന്നുണ്ടെന്ന വിമര്‍ശനവും ശക്തമാണ്. ഒരിക്കല്‍ പ്രശ്ന ബാധിതമെന്ന് വിലയിരുത്തിയ പ്രദേശം കുറഞ്ഞത് മൂന്ന് മാസങ്ങള്‍ക്ക് ശേഷം മാത്രമാണ് സൈന്യത്തിന്റെ കീഴില്‍ നിന്നും മുക്തമാവുക.
അതേസമയം, ഭരണത്തിലേറിയാല്‍ അഫ്സപ നിയമം ഭേഗദതി ചെയ്യുമെന്ന് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ വാഗ്ദാനം ചെയ്തിരുന്നു. ഇന്നലെയാണ് കോണ്‍ഗ്രസ് പ്രകടന പത്രിക പുറത്തിറക്കിയത്.
Discussion about this post