ഗാസിയാബാദ്: തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവില്‍ വന്നിട്ടും പാലിക്കാന്‍ കൂട്ടാക്കാത്ത ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കുരുക്ക് മുറുകിയേക്കും. യോഗി തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ച സംഭവത്തിൽ വിശദീകരണം തേടി മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷന്. വരണാധികാരിയായ ഗാസിയാബാദ് ജില്ലാ കളക്ടറോടാണ് സംഭവത്തെ കുറിച്ച് വിശദമായുള്ള റിപ്പോര്‍ട്ട് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷന് ആവശ്യപ്പെട്ടിരിക്കുന്നത്.
കഴിഞ്ഞദിവസം തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ യോഗി ഇന്ത്യന്‍ സേനയെ ‘മോഡി ജി കി സേന'( മോഡിയുടെ സേന) എന്ന് വിശേഷിപ്പിച്ചിരുന്നു. ഇത് വലിയ രാഷ്ട്രീയ കോളിളക്കമാണ് ഉണ്ടാക്കിയത്. പ്രതിപക്ഷം ഒന്നടങ്കം യോഗിക്കെതിരെ രംഗത്തെത്തുകയും, ഇത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണെന്ന് ചൂണ്ടിക്കാണിക്കുകയും ചെയ്തിരുന്നു.
ഇതിനുപിന്നാലെയാണ്, മാധ്യമങ്ങളിലും വലിയ വാര്‍ത്തയായ സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് തീരുമാനിച്ചതെന്ന് ഗാസിയാബാദ് ജില്ലാ കളക്ടര്‍ റിതു മഹേശ്വരി അറിയിച്ചു.
ഞായറാഴ്ച രാംലീല മൈതാനത്ത് വെച്ച് യോഗി നടത്തിയ വിവാദ പ്രസംഗത്തിന്റെ വിശദമായ കുറിപ്പും, വീഡിയോയുടെ കോപ്പിയും റിപ്പോര്‍ട്ടിനൊപ്പം കമ്മീഷന് ആവശ്യപ്പെട്ടിട്ടുണ്ട്.
നേരത്തെ മുതല്‍ തന്നെ ഇന്ത്യൻസേനയെ മോഡിയും ബിജെപിയും രാഷ്ട്രീയവത്കരിക്കാന്‍ ശ്രമിക്കുകയാണെന്ന ആരോപണം ഉയര്‍ന്നിരുന്നു. പുല്‍വാമയിലെ ഭീകരാക്രമണത്തിന് മറുപടിയായി പാകിസ്താനിലെ ബലാക്കോട്ടില്‍ ഇന്ത്യന്‍ വ്യോമസേന നടത്തിയ ആക്രമണവും ഉറി ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്താനില്‍ നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്കും, എല്ലാ തെരഞ്ഞെടുപ്പ് പ്രചാരണ വേദികളിലും മുഖ്യ ആയുധമായി അവതരിപ്പിക്കാന്‍ മോഡി ശ്രമിക്കുന്നതും വിവാദമാകുന്നുണ്ട്.
Discussion about this post