ന്യൂഡല്‍ഹി: 2019ലെ പൊതുതെരഞ്ഞെടുപ്പില്‍ പൗരന്മാരുടെ വോട്ട് സമത്വവും നാനാത്വവും നിലനില്‍ക്കുന്ന ഒരു ഇന്ത്യക്കാവട്ടെ എന്ന ആഹ്വാനവുമായി രാജ്യത്തെ പ്രമുഖ എഴുത്തുകാരും സാംസ്കാരിക പ്രവര്‍ത്തകരും രംഗത്ത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 200 ലധികം സാംസ്കാരിക പ്രവര്‍ത്തകര്‍ ഒപ്പുവെച്ച കുറിപ്പില്‍ വിദ്വേഷ രാഷ്ട്രീയത്തെ വോട്ടിലൂടെ പുറത്താക്കുക, ജനതയുടെ വിഭജനത്തെ വോട്ടിലൂടെ തടയുക, അസമത്വത്തെ ബഹിഷ്ക്കരിക്കുക, ഹിംസക്കും ഭീഷണിക്കും സെന്‍സര്‍ഷിപ്പിനുമെതിരെ വോട്ട് ചെയ്യുക എന്നിവയാണ് ഉയര്‍ത്തിക്കാണിക്കുന്നത്.
എഴുത്തുകാരും കലാകാരന്മാരും സിനിമാ നിര്‍മ്മാതാക്കളും ഭീഷണിക്കും നിര്‍ബന്ധിത സെന്‍സര്‍ഷിപ്പിനും വിധേയമാവുകയും സമുദായത്തിന്റെയും ജാതിയുടെയും ലിംഗത്തിന്റെയും പേരില്‍ ജനങ്ങളെ വിഭജിക്കുകയും ചെയ്യുന്ന ഇക്കാലത്ത് വിദ്വേഷ രാഷ്ട്രീയത്തിനെതിരെ വോട്ട് ചെയ്യുക എന്നതാണ് സാംസ്കാരിക പ്രവര്‍ത്തകര്‍ ആഹ്വാനം ചെയ്യുന്നത്.
രാജ്യത്ത് യുക്തിവാദികളും എഴുത്തുകാരും ആക്റ്റിവിസ്റ്റുകളും ആക്രമിക്കപ്പെടുന്നതും കൊല്ലപ്പെടുന്നതും അനുവദിക്കാനാവില്ലെന്നും സ്ത്രീകളേയും ദളിതരേയും ആദിവാസികളേയും ന്യൂനപക്ഷങ്ങളേയും ആക്രമിക്കുന്നവര്‍ക്കെതിരെ നടപടികളെടുക്കണമെന്നും എല്ലാവര്ക്കും തൊഴിലും വിദ്യാഭ്യാസവും ഗവേഷണവും തുല്ല്യാവസരവും ഉണ്ടാവണമെന്നും ഇതിന് വേണ്ടി വോട്ട് ചെയ്യണമെന്നുമാണ് കുറിപ്പില്‍ പറയുന്നത്.
റോമില ഥാപര്‍, അരുന്ധതി റോയ്, ആനന്ദ് തെല്‍തുംദെ, ഗിരീഷ് കര്‍ണാഡ് എന്നിവര്‍ക്കൊപ്പം അശോക് വാജ്പേയ്, അനിതാ നായര്‍, ബെന്യാമിന്, സച്ചിദാനന്ദന്, അമിതാവ് ഘോഷ്, എം മുകുന്ദന്, കെഎന്‍ പണിക്കര്‍, കെപി രാമനുണ്ണി, സേതു, കെജി ശങ്കരപിള്ള, ആര് ഉണ്ണി, മാനസി, ആനന്ദ്, അന്‍വര്‍ അലി, അശോകന് ചെരിവില്‍, ബി രാജീവന്, മാങ്ങാട് രത്നാകരന്, എസ് ജോസഫ്, അനിതാ തമ്പി, ജെ ദേവിക, തുടങ്ങിയവരും കുറിപ്പില്‍ ഒപ്പുവെച്ചിട്ടുണ്ട്.
Discussion about this post