വ്യോമസേനയെ ‘മോഡിജിയുടെ സൈന്യ’മാക്കി: യോഗി ആദിത്യനാഥിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. തെരഞ്ഞെടുപ്പ് റാലിയ്ക്കിടെ ‘മോഡിജിയുടെ സൈന്യം’ എന്ന വിവാദ പരാമര്‍ശത്തിനാണ് നടപടി. ഗാസിയാബാദ് ജില്ലാ മജിസ്‌ട്രേറ്റിനോട് പരാമര്‍ശത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കമ്മീഷന്‍ ആവശ്യപ്പെട്ടു.

ഞായറാഴ്ച ഗാസിയാബാദില്‍ നടത്തിയ തെരഞ്ഞെടുപ്പ് റാലിയിലായിരുന്നു യോഗിയുടെ വിവാദ പരാമര്‍ശം. കോണ്‍ഗ്രസുകാര്‍ ഭീകരര്‍ക്കു ബിരിയാണി വിളമ്പുമ്പോള്‍, മോഡിയുടെ സൈന്യം ഭീകരര്‍ക്കു ബുള്ളറ്റുകളും ബോംബുകളും നല്‍കിയെന്ന് യോഗി പ്രസംഗിച്ചു. മസൂദ് അസര്‍ പോലുള്ള ഭീകരരെ കോണ്‍ഗ്രസ് ജി എന്ന് അഭിസംബോധന ചെയ്തു ബഹുമാനിക്കുമ്പോള്‍, മോഡിയുടെ ബിജെപി സര്‍ക്കാര്‍ ക്യാമ്പ് ആക്രമിച്ച് ഭീകരരുടെ നടുവൊടിച്ചെന്നും യോഗി പറഞ്ഞു.

വ്യോമസേന പാക്കിസ്ഥാനിലെ ബലാക്കോട്ടില്‍ നടത്തിയ ആക്രമണത്തെ പരാമര്‍ശിച്ചായിരുന്നു യോഗിയുടെ ‘മോഡിജിയുടെ സൈന്യം’മെന്ന പരാമര്‍ശം. ഇത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നു ചൂണ്ടിക്കാട്ടി നിരീക്ഷകര്‍ രംഗത്തെത്തിയിരുന്നു.

Exit mobile version