പട്‌ന: രാഹുല്‍ ഗാന്ധി ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വയനാട്ടില്‍ നിന്ന് മത്സരിക്കുന്നതിനെ പരിഹസിച്ച് കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ രവിശങ്കര്‍ പ്രസാദ് രംഗത്ത്. അമേഠിയില്‍ ഇനി രക്ഷയില്ലെന്ന് മനസിലാക്കിയാണ് രാഹുല്‍ വയനാട് തിരഞ്ഞെടുത്തതെന്നാണ് കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ രവിശങ്കര്‍ പ്രസാദ് പരിഹസിച്ചത്.
അമേഠിയിലെ നില ഭദ്രമാക്കാന്‍ ബുദ്ധിമുട്ടുകയാണ് രാഹുല്‍, സോണിയാ ഗാന്ധിയുടെ മണ്ഡലമായ റായ് ബറേലിയും രാഹുലിന്റെ അമേഠിയും അവരുടെ കുടുംബം അടക്കിവച്ചിരുന്ന മണ്ഡലമെന്നാണ് വിശേഷിക്കപ്പെടുന്നതെങ്കിലും രാഹുല്‍ ഇപ്പോള്‍ ഭയപ്പെടുകയാണ്. അതുകൊണ്ടാണ് അദ്ദേഹം ദക്ഷിണേന്ത്യയിലേക്ക് പാലായനം ചെയ്തതെന്നാണ് രവിശങ്കര്‍ പ്രസാദ് പറഞ്ഞത്.
കപ്പല്‍ മുങ്ങിത്താഴുന്നത് കണ്ട് കപ്പിത്താന്‍ വയനാട്ടില്‍ അഭയം പ്രാപിച്ചിരിക്കുകയാണെന്നും രാഹുലിനെ പരിഹസിച്ച് കൊണ്ട് രവിശങ്കര്‍ പ്രസാദ് പറഞ്ഞു. 49.48 ശതമാനം ഹൈന്ദവരും ബാക്കി ന്യൂനപക്ഷങ്ങളും ഉള്ള വയനാട് പാരമ്പര്യം കൊണ്ട് തനിക്ക് സുരക്ഷിതമായ സ്ഥലമാണെന്ന് പരിഗണിച്ചാണ് രാഹുല്‍ അവിടേക്ക് ചേക്കേറിയതെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുമെന്ന് എകെ ആന്റണി പ്രഖ്യാപിച്ചത്.