ന്യൂഡല്‍ഹി: ഡല്‍ഹിയിലെ കോണ്‍ഗ്രസ്-ആം ആദ്മി പാര്‍ട്ടി സഖ്യത്തിന്റെ സാധ്യതകള്‍ തള്ളാതെ മുന്‍ ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിത്. വിഷയത്തില്‍ കോണ്‍ഗ്രസ് ഉടന്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്ന് ഷീലാ ദീക്ഷിത് പ്രതികരിച്ചു. ഇതോടെ, സഖ്യത്തിന് സാധ്യതയുണ്ടെന്ന സൂചനയായാണ് ദേശീയമാധ്യമങ്ങള്‍ വിലയിരുത്തുന്നത്. ആം ആദ്മിയുമായുള്ള സഖ്യത്തെ പാര്‍ട്ടിയില്‍ ഏറ്റവും കൂടുതല്‍ എതിര്‍ത്തിരുന്നത് ഷീലാ ദീക്ഷിതാണ്.
‘ഇന്നല്ലെങ്കില്‍ നാളെ സഖ്യത്തെ കുറിച്ചുള്ള തീരുമാനം നിങ്ങളെ അറിയിക്കും’. ചിലപ്പോള്‍ കുറച്ച് മണിക്കൂറുകള്‍ക്കകമോ വൈകുന്നേരത്തോടെയോ അല്ലെങ്കില്‍ ചിലപ്പോള്‍ നാളെയോ നിങ്ങള്‍ക്കത് അറിയാന്‍ സാധിക്കുമെന്നും അവര്‍ മാധ്യമങ്ങളെ അറിയിച്ചു.
സ്ഥാനാര്‍ത്ഥികളെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്, പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച ചര്‍ച്ചയിലാണെന്നും ഇന്ന് ഞായറാഴ്ച അവധിയായതിനാല്‍ നാളെ പ്രഖ്യാപനമുണ്ടാകുമെന്നും ഷീലാ ദീക്ഷിത് അറിയിച്ചു.
ശനിയാഴ്ച രാത്രി വൈകിയും ഷീലാ ദീക്ഷിതിന്റെ വസതിയില്‍ സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ചും ആം ആദ്മിയുമായുള്ള സഖ്യത്തെ സംബന്ധിച്ചുമുള്ള ചര്‍ച്ചകള്‍ സജീവമായിരുന്നു. ഡല്‍ഹിയുടെ ചുമതലയുള്ള പിസി ചാക്കോയും എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലും ചര്‍ച്ചയില്‍ പങ്കെടുത്തു.
അതേസമയം, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ ഷീലാ ദീക്ഷിതിനെ വിമര്‍ശിച്ച് രംഗത്തെത്തുകയും ഡല്‍ഹിയിലെ ഏഴ് ലോക്സഭാ മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
Discussion about this post