അമേഠിയിലും വയനാട്ടിലും വിജയം കൈവരിച്ചാല്‍ രാഹുല്‍ കേരളത്തിലെ സീറ്റൊഴിയും; വയനാട് വീണ്ടും ചൂടുപിടിക്കും ഉപതെരഞ്ഞെടുപ്പിന്!

രണ്ടിടത്തും രാഹുലിന് ഒരുപോലെ വിജയം കൈവരിക്കാനായാല്‍ കേരളത്തിലെ സീറ്റ് ഒഴിയുമെന്നാണ് നേതൃത്വം അറിയിക്കുന്നത്.

ന്യൂഡല്‍ഹി: സംസ്ഥാന നേതൃത്വത്തിന്റെ കണക്കുകൂട്ടലുകളും മറ്റും തെറ്റിക്കാതെ വയനാട്ടില്‍ സ്ഥാനാര്‍ത്ഥിയായി എത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഏവരും ഉറ്റു നോക്കിയ മണ്ഡലം കൂടിയായിരുന്നു വയനാട്. വിവാദങ്ങളിലേയ്ക്ക്ും പ്രതിഷേധങ്ങളിലേയ്ക്കും കൂപ്പു കുത്തി വീഴാന്‍ തുടങ്ങും നേരമാണ് ആരെയും നിരാശപ്പെടുത്താതെ ആവേശത്തിരയിലാക്കി വയനാട്ടിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം എത്തിയത്.

കോണ്‍ഗ്രസ് നേതാവ് എകെ ആന്റണിയാണ് ഡല്‍ഹിയില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്ത സമ്മേളനത്തില്‍ രാഹുലിനെ വയനാട്ടില്‍ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. കോണ്‍ഗ്രസ് വക്താവായ രന്ദീപ് സിങ് സുര്‍ജെവാലയും എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു. വയനാട്ടില്‍ മാത്രമല്ല, രാഹുല്‍ ഉത്തര്‍പ്രദേശിലെ അമേഠിയിലും മത്സരിക്കും. പക്ഷേ ഇതിലും ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ട്. രണ്ടിടത്തും രാഹുലിന് വിജയം കൈവരിക്കാന്‍ കഴിഞ്ഞാല്‍ ഏത് സീറ്റ് സ്വീകരിക്കും…? എന്നാല്‍ ഈ ചോദ്യത്തിന് വ്യക്തമായ ഉത്തരവും ഉണ്ട് കോണ്‍ഗ്രസ് നേതൃത്വത്തിന്.

രണ്ടിടത്തും രാഹുലിന് ഒരുപോലെ വിജയം കൈവരിക്കാനായാല്‍ കേരളത്തിലെ സീറ്റ് ഒഴിയുമെന്നാണ് നേതൃത്വം അറിയിക്കുന്നത്. കേരളത്തില്‍ സീറ്റ് ഉറപ്പിച്ചാലും അമേഠിയാണ് രാഹുല്‍ പ്രാഥമിക പരിഗണന നല്‍കുക. കോണ്‍ഗ്രസ് ദേശീയ വക്താവ് രണ്‍ദീപ് സിങ്ങ് സുര്‍ജേവാലയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അങ്ങനെ ഒരു സാധ്യത തെളിഞ്ഞാല്‍ വയനാട് വീണ്ടും ഉപതെരഞ്ഞെടുപ്പിനായി ചൂട് പിടിക്കും. ഈ തീരുമാനം സംസ്ഥാന നേതൃത്വവും ശരിവെച്ചിട്ടുണ്ട്. എന്തിനാണ് ആ തീരുമാനം എന്ന ചോദ്യത്തോട് നേതൃത്വം പ്രതികരിച്ചിട്ടില്ല.

രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ആര്‍ത്തുവിളിച്ചാണ് നേതാക്കളും വരവേറ്റത്. നേരത്തെ വയനാട്ടില്‍ ടി സിദ്ധീക്കിനെയാണ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ രാഹുലിന് വേണ്ടി സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് അദ്ദേഹം മാറിയിരുന്നു. ഇതോടെ രാഹുലിന് വേണ്ടി കച്ചമുറുക്കുകയായിരുന്നു സംസ്ഥാന നേതാക്കള്‍. രാഹുലിന്റെ പ്രതികരണത്തിന് വേണ്ടിയാണ് നാളിത്രയും ശ്രദ്ധ കൊടുത്തുകൊണ്ടിരുന്നത്.

അനിശ്ചിതതത്വം നിലനിന്നതോടെ വയനാട്ടിലെ പ്രചാരണവും അണികള്‍ നിര്‍ത്തിവെച്ചിരുന്നു. സ്ഥാനാര്‍ത്ഥിത്വം വൈകുന്നതില്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ കടുത്ത അതൃപ്തി എത്തിയിരുന്നു. വലിയ തരത്തിലുള്ള വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. ഇവയ്‌ക്കെല്ലാമുള്ള ഉത്തരമായാണ് പ്രഖ്യാപനം നടത്തിയത്. രാഹുല്‍ ഗാന്ധി വയനാട്ടില്‍ സ്ഥാനാര്‍ത്ഥിയാകുമ്പോള്‍ ശക്തമായ പ്രചാരണം നടത്തി ഇടത് പക്ഷവും രംഗത്തുണ്ടാവും.

Exit mobile version