മുംബൈ: റവന്യൂ ഇന്റലിജന്‍സ് നടത്തിയ റെയ്ഡില്‍ മുംബൈയില്‍ പിടിച്ചെടുത്തത് അനധികൃതമായി സൂക്ഷിച്ച 110 കിലോ സ്വര്‍ണ്ണം. മലയാളിയെന്ന് സംശയിക്കുന്ന നിസാര്‍ അലിയാര് അടക്കം ഏഴുപേര്‍ സംഭവത്തില്‍ അറസ്റ്റിലായി. ദുബായ് കേന്ദ്രീകരിച്ചായിരുന്നു പ്രവര്‍ത്തനമെന്നും, സ്വര്‍ണ്ണം കടത്തുന്നതിന്റെ സൂത്രധാരന്‍ നിസാര്‍ അലിയാറാണെന്നും ഡിആര്‍ഐ പറഞ്ഞു. ഇയാള്‍ കൊച്ചി സ്വദേശിയാണെന്നാണ് വിവരം. ഡിആര്‍ഐയുടെ ചരിത്രത്തിലെ ഏറ്റവുംവലിയ സ്വര്ണ്ണവേട്ടയാണിത്. അനധികൃത സ്വര്ണ്ണകടത്തിന്റെയും, ഹവാല ഇടപാടുകളുടെയും ചുവടുപിടിച്ചുള്ള അന്വേഷണമാണ് വന്സ്വര്ണ്ണവേട്ടയിലേക്ക് എത്തിച്ചത്.
മുംബൈയില്‍ വിവിധയിടങ്ങളില്‍നിന്നായി ആകെ കണ്ടെത്തിയത് 110കിലോ സ്വര്‍ണ്ണമാണെന്നാണ് വിവരം. ഒരാഴ്ചയോളമായി രഹസ്യ ഓപ്പറേഷന് നടത്തുകയായിരുന്നു ഡിആര്‍ഐ. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടന്ന തിരച്ചിലില്‍ ആദ്യം, രണ്ട് ഇരുചക്രവാഹനങ്ങളിലും ഒരു കാറിലുമായി ഘടിപ്പിച്ചിരുന്ന സ്വര്‍ണ്ണ കണ്ടെടുക്കുകയായിരുന്നു. ഇവയില്‍ പലതും വാഹനത്തിന്റെ ഭാഗങ്ങളായി രൂപാന്തരപ്പെടുത്തിയാണ് സൂക്ഷിച്ചിരുന്നത്.
തുടര്‍ന്നുള്ള അന്വേഷണത്തിലാണ് കള്ളക്കടത്തിന്റെ പിന്നിലുള്ള വന്സംഘത്തിനെക്കുറിച്ചും ഹവാല ഇടപാടുകളെക്കുറിച്ചും വിവരങ്ങള്‍ ലഭിച്ചത്. വിദേശത്തുനിന്നും നികുതിവെട്ടിച്ചു എത്തിക്കുന്ന സ്വര്‍ണം മുംബൈയിലെ ഇടനിലക്കാര്‍ക്ക് കൈമാറിയായിരുന്നു പ്രവര്‍ത്തനം. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്ന് വ്യക്തമാക്കുന്ന ഡിആര്‍ഐ അറിയിച്ചു.
Discussion about this post