ന്യൂഡല്‍ഹി: ജെയ്ഷെ മുഹമ്മദ് ഭീകരരും പാകിസ്താന് സൈന്യവും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്ന് തെളിയിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ ഇന്ത്യന്‍ സൈന്യം പുറത്തുവിട്ടു. പാകിസ്താന് സൈന്യം ഉപയോഗിക്കുന്ന അമേരിക്കന്‍ നിര്‍മ്മിത തോക്കുകള്‍ ആണ് ജെയ്ഷെ മുഹമ്മദ് ഭീകരരും ഉപയോഗിക്കുന്നതെന്ന് തെളിവുകള്‍ സഹിതമാണ് ഇന്ത്യ വെളിപ്പെടുത്തിയത്.
പുല്‍വാമ ഭീകരാക്രമത്തിന് പിന്നില്‍ പാകിസ്താന് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ജെയ്ഷെ മുഹമ്മദ് ആണെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ ഇന്ത്യ കഴിഞ്ഞ മാസം 27ന് പാകിസ്താന് കൈമാറിയിരുന്നു. എന്നാല്‍ ഈ തെളിവുകള്‍ അപര്യാപ്തമെന്നാണ് പാകിസ്താന് വിദേശകാര്യ മന്ത്രാലയം നല്കിയ മറുപടിയില്‍ വ്യക്തമാക്കിയത്. ഈ സാഹചര്യത്തിലാണ് ജെയ്ഷെ മുഹമ്മദ് ഭീകരരുടെ പക്കല്‍ ഉള്ളത് പാകിസ്താന് സൈന്യം ഉപയോഗിക്കുന്ന അമേരിക്കന്‍ നിര്‍മ്മിത തോക്കുകള്‍ ആണെന്ന് ഇന്ത്യ തെളിവുകള്‍ സഹിതം വ്യക്തമാക്കിയിരിക്കുന്നത്.
പാകിസ്താന് സൈന്യം ഉപയോഗിക്കുന്ന അമേരിക്കന്‍ നിര്‍മ്മിത എം4 റൈഫിളുകളാണ് കഴിഞ്ഞദിവസം നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഭീകരില്‍ നിന്ന് ഇന്ത്യന്‍ സൈന്യം കണ്ടെടുത്തത്. ജമ്മു-കാശ്മീരിലെ ബുധ്ഗാമിലുണ്ടായ ഏറ്റുമുട്ടലിലാണ് കഴിഞ്ഞ ദിവസം ഇന്ത്യന്‍ സേന രണ്ട് ജെയ്ഷെ മുഹമ്മദ് ഭീകരരെ വധിച്ചത്. ഇവരുടെ പക്കലില്‍ നിന്നാണ് എം4 റൈഫിളുകള്‍ കണ്ടെടുത്തതെന്നും ഇത് പാക് സൈന്യവും തീവ്രവാദികളും തമ്മിലുള്ള ബന്ധം തെളിയിക്കുന്നതാണെന്നും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Discussion about this post