അയോധ്യ: പ്രധാന മന്ത്രി നരേന്ദ്ര മോഡി അധികാരത്തില്‍ വന്നതിന് ശേഷം ലോകം മുഴുവന്‍ ചുറ്റി നടന്ന് അവിടെ ഉള്ള ആളുകളെ കെട്ടിപ്പിടിച്ചു. എന്നാല്‍ മോഡി സ്വന്തം നാട്ടിലെ ജനങ്ങളെ കണ്ടില്ലെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഇത്രയും കാലമായിട്ടും മോഡി തന്റെ മണ്ഡലമായ വാരാണസിയിലെ ഗ്രാമങ്ങള്‍ സന്ദര്‍ശിച്ചില്ല എന്നത് തന്നെ അദ്ഭുതപ്പെടുത്തിയെന്നും അയോധ്യയിലെ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് റാലിയില്‍ പ്രിയങ്ക പറഞ്ഞു.
മോഡി അധികാരത്തില്‍ വന്നതിന് ശേഷം അമേരിക്ക, ജപ്പാന്, ചൈന എന്നിങ്ങനെ എല്ലാ രാജ്യങ്ങളിലും സന്ദര്‍ശനം നടത്തി അവിടെയുള്ള ആളുകളെ കെട്ടിപ്പിടിച്ചു. വാരാണസിയിലെ ഗ്രാമീണരോട് മോഡി അവിടെ വന്നിട്ടുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഇല്ലെന്നായിരുന്നു അവരുടെ മറുപടി. പ്രശസ്തിക്ക് വേണ്ടി മോഡി ഗ്രാമീണര്‍ക്കായി എന്തെങ്കിലും ചെയ്തിട്ടുണ്ടാവുമെന്ന് ഞാനും കരുതി. എന്നാല്‍ അതുണ്ടായില്ല. പണക്കാരുടെ കാവല്‍ക്കാരാണ് ബിജെപി. കര്‍ഷവിരുദ്ധ, ജനവിരുദ്ധ സര്‍ക്കാരാണ് ബിജെപിയുടേത്. വ്യവസായികളുടെ കടങ്ങള്‍ എഴുതിത്തള്ളിയപ്പോള്‍ കര്‍ഷകര്‍ കടത്തില്‍ മുങ്ങിത്താഴുകയാണ്. വന്‍ഭൂരിപക്ഷത്തില്‍ വന്ന സര്‍ക്കാര്‍ ജനങ്ങളെ വഞ്ചിച്ചു. ജനാധിപത്യത്തില്‍ ജനങ്ങളെ കേള്‍ക്കണം. എന്നാല്‍ ജനങ്ങളില്‍നിന്ന് സത്യം കേള്‍ക്കാന്‍ ബിജെപി നേതാക്കള്‍ക്ക് പേടിയാണ്. അതുകൊണ്ടാണ് അവര്‍ വരാത്തത്. അക്കൗണ്ടില്‍ 15 ലക്ഷം, രണ്ട് കോടി തൊഴിലവസരം തുടങ്ങിയ പൊള്ളയായ വാഗ്ദാനമാണ് അവര്‍ നല്‍കിയതെന്നും പ്രിയങ്ക പറഞ്ഞു.
അതേ സമയം ജനാധിപത്യത്തില്‍ ജനങ്ങളുടെ പക്കലുള്ള ഏറ്റവും ശക്തമായ ആയുധം വോട്ടാണെന്നും അത് വിവേചനത്തോടെ ഉപയോഗിക്കണമെന്നും പ്രിയങ്ക പറഞ്ഞു.
Discussion about this post