ന്യൂഡല്‍ഹി: വീണ്ടും കൂടുതല്‍ വിവിപാറ്റ് രസീത് എണ്ണുന്നതിനെ എതിര്‍ത്ത് സുപ്രീംകോടതിയില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്. 50 ശതമാനം വിവിപാറ്റ് രസീതുകള്‍ എണ്ണുന്നതിനെ എതിര്‍ത്ത തെരഞ്ഞെടുപ്പ് കമ്മീഷന് കൂടുതല്‍ വിവിപാറ്റ് രസീതുകള്‍ എണ്ണുന്നത് തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന് സുപ്രീം കോടതിയെ അറിയിച്ചു. 50 ശതമാനത്തിലേറെ വിവിപാറ്റുകള്‍ എണ്ണേണ്ട ആവശ്യമില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് പറഞ്ഞു.
നേരത്തെ, കൂടുതല്‍ വിവിപാറ്റ് രസീതുകള്‍ എണ്ണുമ്പോഴുണ്ടാകുന്ന പ്രായോഗിക ബുദ്ധിമുട്ട് എന്താണെന്ന് വ്യക്തമാക്കാന്‍ സുപ്രീം കോടതി തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാനായിരുന്നു ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് ആവശ്യപ്പെട്ടത്. ഇതിനാണ് തെരഞ്ഞെടുപ്പ് കമ്മീഷന് മറുപടി നല്‍കിയത്.
50 ശതമാനം വിവിപാറ്റ് രസീതുകള്‍ എണ്ണിയാല്‍ വോട്ടെണ്ണല്‍ 6 ദിവസം നീളുമെന്നും ഒരു പോളിംഗ് ബൂത്തിലെ വിവിപാറ്റ് എണ്ണുന്ന നിലവിലെ രീതിയാണ് പ്രായോഗികമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീംകോടതിയില്‍ നല്കിയ സത്യവാങ്മൂലത്തില്‍ വിശദീകരിച്ചു. വിവിപാറ്റ് രസീതുകള്‍ എണ്ണുമ്പോഴും പിഴവുകള്‍ സംഭവിക്കാമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് പറയുന്നു.
അന്‍പത് ശതമാനം വിവിപാറ്റ് രസീതുകള്‍ എണ്ണണമെന്നാവശ്യപ്പെട്ട് ആന്ധ്ര മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ തുടങ്ങി പ്രതിപക്ഷത്തെ 21 നേതാക്കള്‍ നല്കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.
Discussion about this post