കൊരാപുത്(ഒഡീഷ): പാകിസ്താന്റെ അതിര്‍ത്തി കടന്ന് ബലാക്കോട്ടില്‍ ഇന്ത്യ വ്യോമാക്രമണം നടത്തിയെന്ന വാദങ്ങള്‍ക്ക് തെളിവ് ചോദിച്ച പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി മോഡി. ലോക്സഭാ തെരഞ്ഞെടുപ്പിന് ദിനങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ മോഡി വോട്ടഭ്യര്‍ത്ഥിക്കാന്‍ ബലാക്കോട്ട് ആക്രമണം തന്നെയാണ് ആയുധമാക്കുന്നത്. ഒഡീഷയിലെ കൊരാപുതില്‍ നടന്ന ബിജെപിയുടെ തെരഞ്ഞെടുപ്പ് റാലിയിലും ജനങ്ങളെ ആകര്‍ഷിക്കാനായി മോഡി വ്യോമാക്രമണത്തിന് തെളിവു ചോദിക്കുന്ന പ്രതിപക്ഷത്തിന്റെ കുറ്റങ്ങളാണ് വിവരിച്ചത്.
‘ബലാക്കോട്ടിലെ ജയ്ഷെ മുഹമ്മദ് തീവ്രവാദികളുടെ ക്യാംപില്‍ ആക്രമണം നടന്നിട്ട് ഏകദേശം ഒരു മാസമാകുന്നു. പാകിസ്താന് ഇപ്പോഴും തീവ്രവാദികളുടെ മൃതദേഹം എണ്ണക്കൊണ്ടിരിക്കുകയാണ്. തീവ്രവാദികളെ അവരുടെ മണ്ണില്‍ കടന്നുകയറി ആക്രമിച്ച് ഇന്ത്യ തീവ്രവാദത്തിനെതിരെ നടപടിയെടുത്തപ്പോഴെല്ലാം ഇവിടെ ചിലര്‍ തെളിവ് ചോദിച്ചുകൊണ്ടേയിരിക്കുകയാണ്.’ മോഡി പ്രതിപക്ഷത്തെ ലക്ഷ്യം വെച്ച് റാലിയില്‍ പറഞ്ഞു.
കോണ്‍ഗ്രസ് രാജ്യത്തെ സായുധ സേനയേയും ശാസ്ത്രജ്ഞരേയും വിലകുറച്ച് കാണുകയാണെന്ന് ആരോപിച്ച മോഡി, ഇത്തരത്തില്‍ രാജ്യത്തിന്റെ നേട്ടങ്ങളെ അപമാനിക്കുന്നവര്‍ക്ക് കൃത്യമായ മറുപടി ജനങ്ങള്‍ നല്‍കണമെന്നും പറഞ്ഞു.
‘ഏഴ് ദശകങ്ങളായി രാജ്യത്തെ പാവപ്പെട്ടവരെ ചതിച്ചവര്‍ ഇപ്പോള്‍ സായുധസേനയേയും ശാസ്ത്രജ്ഞന്മാരേയും രാവും പകലുമില്ലാതെ ആക്ഷേപിച്ചുകൊണ്ടിരിക്കുകയാണ്. ഈ തെരഞ്ഞെടുപ്പാണ് അത്തരക്കാര്‍ക്ക് മറുപടി നല്കാന് പറ്റിയ തക്കസമയം’ – റാലിയെ അഭി സംബോധന ചെയ്ത് മോഡി പറയുന്നു.
ഒഡീഷ ഭരിക്കുന്ന ബിജു ജനതാദള്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്തിയ മോഡി, ധാതുലവണങ്ങളുടെ കലവറ വേണ്ടവിധം ഉപയോഗിച്ച് സംസ്ഥാനത്തെ വികസനത്തിലേക്ക് നയിക്കാന്‍ സര്‍ക്കാരിന് സാധിച്ചില്ലെന്നും കുറ്റപ്പെടുത്തി.
Discussion about this post