കുടക്: കര്‍ണാടകയില്‍ വീണ്ടും ഭരണം പിടിക്കുക എന്ന ലക്ഷ്യത്തോടെ ബിജെപി നടപ്പാക്കിയ ഓപ്പറേഷന് കമല 2.0 വീണ്ടും പാര്‍ട്ടിയെ ചതിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിനിടെ കൊണ്ടുവന്ന പദ്ധതികള്‍ തിരിച്ചടിച്ചതിന് പിന്നാലെ ഇപ്പോള്‍ മൂന്ന് നഗരസഭകള്‍ കൂടി കൈയ്യില്‍ നിന്നും പോയ വിഷമത്തിലാണ് ബിജെപി. പാര്‍ട്ടിയ്ക്ക് അവരുടെ ശക്തി കേന്ദ്രങ്ങളില്‍ തന്നെയാണ് കനത്ത തിരിച്ചടി നേരിട്ടിരിക്കുന്നത്. കുടക് ജില്ലയിലെ മൂന്ന് നഗരസഭകളില്‍ ഭരണം നഷ്ടമായി. ബിജെപിയുടെ ശക്തി കേന്ദ്രങ്ങളും, കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടുകയും ഭരിച്ചോണ്ടിരിക്കുകയും ചെയ്ത കുടക് ജില്ലയിലെ വിരാജ്പേട്ട, കുശാല്‍നഗര്‍, സോമവാര്‍പേട്ട നഗരസഭകളിലാണ് ബിജെപിക്ക് തിരിച്ചടി നേരിട്ടത്.
വിരാജ് പേട്ട
18 അംഗ വിരാജ്പേട്ട നഗരസഭയില്‍ എട്ട് സീറ്റ് നേടി ഭരണകക്ഷിയായ ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായപ്പോള്‍ കോണ്‍ഗ്രസിന് ആറ് സീറ്റും സഖ്യകക്ഷിയായ ജനതാദള്‍ ഒരുസീറ്റിലും വിജയിച്ചു. മൂന്ന് സീറ്റില്‍ സ്വതന്ത്രന്മാരാണ് വിജയിച്ചതെങ്കിലും ഇവര്‍ മൂന്നുപേരും കോണ്‍ഗ്രസ്-ജനതാദള്‍ സംഖ്യത്തോട് ഒപ്പം നില്‍ക്കുമെന്നാണ് കരുതുന്നത്. കൂടാതെ ബിജെപിയില്‍ നിന്ന് രാജിവെച്ച് സ്വതന്ത്രയായി മത്സരിച്ച മുന്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ ദേശമ്മയ്ക്ക് കോണ്‍ഗ്രസ് ജനതാദള്‍ സഖ്യം പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ആറാം വാര്‍ഡില്‍നിന്ന് വിജയിച്ച സിപിഐ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയും കോണ്‍ഗ്രസ്-ജനതാദള്‍ സഖ്യത്തോടൊപ്പം ചേരും. വിജയിച്ച മൂന്നാമത്തെ സ്വതന്ത്രന് കോണ്‍ഗ്രസ് വിമതനാണ്. ഇയാളുടെ പിന്തുണയും ലഭിക്കുന്നതോടെ ഭരണം പിടിക്കാമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്.
നഗരസഭയില്‍ എംഎല്‍എയ്ക്കും എംപിക്കും വോട്ടവകാശം ഉള്ളതിനാല്‍ വിരാജ്പേട്ട എംഎല്‍എയും കുടക് എംപിയും ബിജെപി പ്രതിനിധികളാണ്. ഇവര്‍ ബിജെപിക്കൊപ്പം നില്‍ക്കുന്നതോടെ ഇരുപക്ഷത്തും 10 വീതം അംഗങ്ങളാവും. ഇതോടെ സ്വതന്ത്രന്റെ നിലപാട് വിരാജ് പേട്ടയില്‍ നിര്‍ണായകമാവും. മലയാളികള്‍ ഭൂരിപക്ഷമുള്ള വിരാജ്പേട്ട ടൗണ്‍ വാര്‍ഡായ ഗൗരിക്കരയില്‍ മൂന്ന് മലയാളികള്‍ തമ്മിലായിരുന്നു മത്സരം. അവിടെ കോണ്‍ഗ്രസിലെ സികെ പ്രിത്യുനാഥ് 199 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ തിരഞ്ഞെടുക്കപ്പെട്ടു. നഗരസഭാ മുന്‍ ചെയര്‍മാനായിരുന്ന ബിജെപിയിലെ ഇസി ജീവനെയാണ് പ്രിത്യുനാഥ് പരാജയപ്പെടുത്തിയത്.
കുശാല്‍ നഗര
16 അംഗ കുശാല്‍നഗര നഗരസഭയിലും ബിജെപിക്ക് തിരിച്ചടിയായി. ബിജെപി ആറു സീറ്റിലേക്ക് ചുരുങ്ങിയപ്പോള്‍ തനിച്ച് മത്സരിച്ച കോണ്‍ഗ്രസ് ആറു സീറ്റ് നേടി കരുത്തുകാട്ടി. ജനതാദള്‍ നാലു സീറ്റുമായി നിര്‍ണായകശക്തിയായി. ഇവിടെ കോണ്‍ഗ്രസ്-ജനതാദള്‍ സഖ്യത്തിന് 10 സീറ്റോടെ അനായാസം ഭരണം പിടിക്കാം.
സോമവാര്‍ പേട്ട
സോമവാര്‍പേട്ടയില്‍ ബിജെപിയുടെ 22 വര്‍ഷത്തെ ഭരണത്തിന് അന്ത്യംകുറിച്ചാണ് കോണ്‍ഗ്രസ്-ജനതാദള്‍ സഖ്യം അധികാരത്തിലേത്തിയത്. 11 അംഗ നഗരസഭാ കൗണ്‍സിലില്‍ ബിജെപി മൂന്ന് സീറ്റിലൊതുങ്ങിയപ്പോള്‍ കോണ്‍ഗ്രസ് നാലുസീറ്റ് നേടി ബിജെപിയെ ഞെട്ടിച്ചു. ജനതാദള്‍ മൂന്ന് സീറ്റ് നേടിയപ്പോള്‍ സ്വതന്ത്രന് ഒരുസീറ്റില്‍ വിജയിച്ചു.
ആറുമാസം മുമ്പ് നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കുടക് ജില്ലയിലെ രണ്ട് നിയമസഭാ മണ്ഡലങ്ങളിലും മികച്ച വിജയം നേടിയ ബിജെപിയ്ക്ക് ഇപ്പോള്‍ ഉണ്ടായിരിക്കുന്ന കനത്ത തിരിച്ചടി മാസങ്ങള്‍ക്കുള്ളില്‍ നടക്കാന്‍ പോകുന്ന പൊതു തിരഞ്ഞെടുപ്പിലും ഫലിക്കുമോ എന്ന ഭയത്തിലാണ് യെദ്യൂരപ്പയും സംഘവും.
Discussion about this post