നീമച്ച്(മധ്യപ്രദേശ്): തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച ബിജെപി എംഎല്‍എയ്ക്കും ബിജെപി നേതാവിനും ജയില്‍ ശിക്ഷ. മധ്യപ്രദേശ് ബിജെപി എംഎല്‍എ ദിലീപ് സിങ് പരിഹാറും ബിജെപി ജില്ലാ നേതാവ് രാകേഷ് ജെയിനുമാണ് ജയിലിലായത്. 25ഓളം ബിജെപി പ്രവര്‍ത്തകരും അറസ്റ്റിലായിട്ടുണ്ട്.
വ്യാഴാഴ്ച ദിലീപ് സിങും രാകേഷ് ജെയിനും ചില ബിജെപി പ്രവര്‍ത്തകരും ചേര്‍ന്ന് പടക്കം പൊട്ടിച്ചും ബൈക്ക് റാലി നടത്തിയും മണ്ഡസോര്‍ മണ്ഡലത്തിലെ സിറ്റിങ് എംപി സുധീര്‍ ഗുപ്തയുടെ നാമനിര്‍ദേശ പത്രികാ സമര്‍പ്പണം ആഘോഷമാക്കിയിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഫ്ളൈയിങ് സ്ക്വാഡ് പോലീസില്‍ പരാതിപ്പെടുകയും ഉടനെയെത്തിയ പോലീസ് സംഘം വിഷയം നിരീക്ഷിക്കുകയും നടപടി കൈക്കൊള്ളുകയുമായിരുന്നു. നീമച്ചിലെ കോടതിയില്‍ ഹാജരാക്കിയ എംഎല്‍എയേയും ബിജെപി നേതാവിനേയും കോടതി ജയില്‍ ശിക്ഷയ്ക്ക് വിധിക്കുകയായിരുന്നു.
ദിലീപ് സിങിനും രാകേഷ് ജെയിനിനും ഒപ്പം 25 പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് എതിരായാണ് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതിന് പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ മാര്‍ച്ച് 10ന് രാജ്യത്ത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നിരുന്നു.
Discussion about this post