ജലന്ധര്‍: ഖലിസ്ഥാനി തീവ്രവാദിയെന്ന് സംശയക്കുന്നയാളെ ജലന്ധര്‍ പോലീസ് അറസ്റ്റ് ചെയ്തു. ജലന്ധര്‍ ഇരട്ട സ്ഫോടനക്കേസിലെ പ്രതിയും ഖലിസ്ഥാന്‍ കമാന്റോ ഫോഴ്സുമായും (കെസിഎഫ്) ഖലിസ്ഥാന്‍ സിന്ദാബാദ് ഫോഴ്സു(കെഇസഡ്എഫ്)മായും ബന്ധമുണ്ടെന്ന് സംശയിക്കുന്നയാളുമായ അമ്രിക് സിങ് ഏലിയാസ് മാങ്കയാണ് അറസ്റ്റിലായത്. വ്യാഴാഴ്ച ജലന്ധര്‍ പോലീസ് കമ്മീഷണറേറ്റ് നടത്തിയ നീക്കത്തിലാണ് ഇയാള്‍ അറസ്റ്റിലായത്.
2006 ഏപ്രില്‍ 28നും മേയ് 24നും ജലന്ധര്‍ ബസ് സ്റ്റാന്‍ഡില്‍ നടന്ന സ്ഫോടനക്കേസിലെ മുഖ്യ ആസൂത്രകനാണ് അമ്രിക്. അന്ന് ഏപ്രില്‍ 28ന് നടന്ന സ്ഫോടനത്തില്‍ 3 പേര് കൊല്ലപ്പെട്ടിരുന്നു. എന്നാല്‍ മേയ് 24ന് നടന്ന സ്ഫോടനം ഗുരുതരമായിരുന്നില്ല. പാകിസ്താനില്‍ രൂപംകൊണ്ട ഖലിസ്ഥാന്‍ തീവ്രവാദ സംഘടന(കെഇസഡ്എഫ്)യുടെ കമാന്റര്‍ രണ്‍ജീത് സിങ് നീതയും യുഎസ്എയില്‍ താമസമാക്കിയ ബല്‍വീന്ദര്‍ സിങ് പോസിയുമാണ് അമ്രികിനൊപ്പം സ്ഫോടന കേസില്‍ ഗൂഢാലോചന നടത്തിയത്.
നേപ്പാള്‍ വഴി ഇന്ത്യയിലേക്ക് കടന്നുകയറിയ അമ്രികിന് ഉഗാണ്ടന്‍ പൗരത്വവുമുണ്ട്. രണ്ട് വര്‍ഷത്തോളമായി ഇയാള്‍ ഇന്ത്യയില്‍ അനധികൃതമായി താമസിച്ചുവരികയായിരുന്നു. 1992 മുതല്‍ 1995 വരെ ഇയാള്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന് വ്യക്തമായ തെളിവുണ്ടെന്ന് കൗണ്ടര്‍ ഇന്റലിജന്‍സ് എഐജി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
1998ല്‍ ഹര്‍വീന്ദര്‍ സിങ് ഭോല എന്നയാളെ കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം ജയില്‍ശിക്ഷയ്ക്ക് വിധിക്കപ്പെട്ടയാളാണ് അമ്രികെന്ന് പോലീസ് അറിയിച്ചു. പിന്നീട് പരോളില്‍ ഇറങ്ങി ഇയാള്‍ ഇന്ത്യയില്‍ നിന്നും ഉഗാണ്ടയിലേക്ക് കടക്കുകയായിരുന്നു. 2012ല്‍ ഉഗാണ്ടയില്‍ വെച്ച് മനുഷ്യക്കടത്തിന് പിടിക്കപ്പെട്ട അമ്രിക് നാല് വര്‍ഷം ജയില്‍ ശിക്ഷയും അനുഭവിച്ചിരുന്നു. പിന്നീട് 2017ലാണ് നേപ്പാള്‍ വഴി ഇയാള്‍ പഞ്ചാബിലെ സ്വന്തം ഗ്രാമത്തിലേക്ക് കടന്നത്.
Discussion about this post