ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് അടുത്തതോടെ റാലികളിലും ടിവിയിലും പ്രത്യക്ഷപ്പെടുന്ന തിരക്കിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഇതിനിടെ, നെഹ്റു കുടുംബത്തെ കുറ്റപ്പെടുത്തിയും റാഫേല്‍ കരാറിനെതിരെ ഉയര്‍ന്ന അഴിമതി ആരോപണത്തെ പ്രതിരോധിച്ചും മോഡി അര്‍ണാബ് ഗോസ്വാമിയുമായി നടത്തിയ അഭിമുഖം വോട്ടെടുപ്പിന് ദിവസങ്ങള്‍ ബാക്കി നില്‍ക്കെ പുറത്തുവിട്ടിരിക്കുകയാണ്.
തനിക്കെതിരെ ആരോപണം ഉന്നയിക്കുന്നതിനു മുമ്പ്, സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ ഇംപീച്ച് ചെയ്യാന്‍ ശ്രമിച്ചതാരായിരുന്നെന്നും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് ആരായിരുന്നെന്നും അറിയാന്‍ കണ്ണാടി നോക്കണമെന്ന് മോഡി അഭിമുഖത്തില്‍ കോണ്‍ഗ്രസിനെ വിമര്‍ശിച്ചു.
മുമ്പ് കേന്ദ്രം ഭരിച്ചിരുന്ന സര്‍ക്കാരുകള്‍ പ്രതിരോധ കരാറുകള്‍ അവരുടെ എടിഎം പോലെയാണ് ഉപയോഗിച്ചതെന്നു റാഫേല്‍ കരാറിനെതിരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങള്‍ പ്രതിരോധിച്ചുകൊണ്ട് മോഡി പറഞ്ഞു.
രാഹുല്‍ഗാന്ധി പ്രഖ്യാപിച്ച ന്യായ് പദ്ധതി(മിനിമം വേതനം പദ്ധതി)യെ പരിഹസിച്ച മോഡി ഒരേകുടുംബത്തിലെ നാല് തലമുറകള്‍ പറഞ്ഞുകൊണ്ടിരിക്കുന്നത് ദാരിദ്ര നിര്മാജ്ജനമാണെന്ന് പറഞ്ഞു. ദാരിദ്രം ഇല്ലാതാക്കുമെന്നാണ് ഒരേ കുടുംബത്തിലെ നാല് തലമുറയും അവകാശപ്പെട്ടത്. അന്ന് ഇന്ദിരാ ഗാന്ധി പറഞ്ഞു. പിന്നീട് രാജീവ് ഗാന്ധി പറഞ്ഞതും അതു തന്നെ. ഇപ്പോള്‍ രാഹുല്‍ പറയുന്നതും മറ്റൊന്നല്ല മോഡി വിമര്‍ശിക്കുന്നു.
ഈ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഈ സര്‍ക്കാര്‍ തന്നെ അധികാരത്തിലെത്തും എന്നും എന്‍ഡിഎയ്ക്ക് 300ലധികം സീറ്റുകള്‍ ലഭിക്കുമെന്നും മോഡി അവകാശപ്പെട്ടു.
Discussion about this post