തീവ്രവാദികളും പാകിസ്താനും ആഗ്രഹിക്കുന്നത് തന്റെ തോല്‍വിയും പ്രതിപക്ഷത്തിന്റെ വിജയവും: മോഡി

തീവ്രവാദികളും പാകിസ്താനും ആഗ്രഹിക്കുന്നത് തന്റെ തോല്‍വിയും പ്രതിപക്ഷത്തിന്റെ വിജയവും; ചിലര്‍ക്ക് നാടകവും എ സാറ്റും തമ്മിലുള്ള വ്യത്യാസം അറിയില്ല; രാഹുലിനെതിരെ ഒളിയമ്പുമായി മോഡി

മീററ്റ്: പ്രതിപക്ഷപാര്‍ട്ടികള്‍ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചും ആക്ഷേപിച്ചും പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഔദ്യോഗിക തുടക്കം. പ്രതിപക്ഷം ശ്രമിക്കുന്നത് പാകിസ്താന് മുന്നില്‍ ഹീറോയാകാനാണെന്ന് മീററ്റില്‍ വ്യാഴാഴ്ച നടന്ന തെരഞ്ഞെടുപ്പ് പ്രചാരണയോഗത്തില്‍ മോഡി ആരോപിച്ചു. പാക് മീഡിയയുടെ ശ്രദ്ധയും അവരുടെ കൈയ്യടിയും നേടാനാണ് ഇന്ത്യയിലെ പ്രതിപക്ഷത്തിന്റെ ശ്രമം. തീവ്രവാദികളും അവരെ പിന്തുണയ്ക്കുന്നവരും ഇപ്പോള്‍ പ്രാര്‍ത്ഥിക്കുന്നത് കാവല്‍ക്കാരനെ(മോഡി സ്വയം വിശേഷിപ്പിക്കുന്നത്)പുറത്താക്കാനും അവിശുദ്ധ കൂട്ടുകെട്ടിനെ(പ്രതിപക്ഷത്തെ മോഡി വിശേഷിപ്പിക്കുന്നത്) ഭരണത്തിലെത്തിക്കാനുമാണ്.

ഉത്തര്‍പ്രദേശിലെ എസ്പി-ബിഎസ്പി-ആര്‍എല്‍ഡി സഖ്യത്തെ കടുത്ത ഭാഷയില്‍ വിമര്‍ശിക്കാനും മോഡി മടിച്ചില്ല. ഈ സഖ്യം മദ്യത്തെ പോലെ അനാരോഗ്യകരമാണെന്നും ജനങ്ങളുടെ ജീവിതത്തെ തകര്‍ക്കുമെന്നും മോഡി ആരോപിച്ചു. ഇന്നലെ തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ച മോഡി, മീററ്റും ജമ്മുവും രുദ്രപുരും ഉള്‍പ്പടെ മൂന്ന് സ്ഥലങ്ങളിലാണ് തെരഞ്ഞെടുപ്പ് റാലികള്‍ നടത്തിയത്. റാലിക്കിടെ തന്നെ ശക്തനായ കാവല്‍ക്കാരനെന്നു സ്വയം വിശേഷിപ്പിക്കാനും മോഡി മടിച്ചില്ല.

ജമ്മുവിലെ അങ്കൂറില്‍ സംസാരിക്കവെ ബലാക്കോട്ടിലെ വ്യോമാക്രമണത്തെ പരാമര്‍ശിക്കാനും അദ്ദേഹം വിട്ടുപോയില്ല. ഇന്ന് അതിര്‍ത്തിയില്‍ തീവ്രവാദകേന്ദ്രങ്ങള്‍ നടത്തുന്നവര്‍ ഭയത്തിലാണ്, മരണഭീതിയിലാണ് അവര്‍ കഴിയുന്നതെന്നും മോഡി അവകാശപ്പെട്ടു. പ്രതിപക്ഷത്തിന്റെ ബലാക്കോട്ട് ആക്രമണത്തോടുള്ള പ്രതികരണം തന്നെ ഞെട്ടിച്ചുവെന്നു പറഞ്ഞ മോഡി ഇന്ത്യയുടെ ഐക്യത്തിനും അഖണ്ഡതയ്ക്കും വേണ്ടി ശക്തമായി നിലകൊണ്ട സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റേയും ആസാദ് ഹിന്ദുസ്ഥാന്‍ മുദ്രാവാക്യം മുന്നോട്ടുവച്ച സുഭാഷ് ചന്ദ്ര ബോസിന്റേയും പാര്‍ട്ടി തന്നെയാണോ ഇതെന്ന് അത്ഭുതപ്പെട്ടെന്നും പറഞ്ഞു. തന്നോടുള്ള അന്ധമായ വിരോധം അവരെ രാജ്യതാല്‍പര്യത്തിന് എതിരായി സംസാരിക്കാന്‍ പ്രേരിപ്പിക്കുകയാണെന്നും മോഡി ആരോപിച്ചു.

എ-സാറ്റ് പരീക്ഷണം വിജയകരമെന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത് അറിയിച്ചതിന് തന്നെ കുറ്റപ്പെടുത്തിയ രാഹുല്‍ഗാന്ധിയെ പേരെടുത്ത് പറയാതെ വിമര്‍ശിച്ച മോഡി, ചിലര്‍ക്ക് നാടകവും ഉപഗ്രഹവേധ മിസൈലും തമ്മിലുള്ള വ്യത്യാസം അറിയില്ലെന്നും കുറ്റപ്പെടുത്തി. നേരത്തെ എ-സാറ്റ് പരീക്ഷണത്തില്‍ ഡിആര്‍ഡിഒയെ അഭിനന്ദിച്ച രാഹുല്‍ മോഡിക്ക് അന്താരാഷ്ട്ര നാടകദിനാശംസകളും നേര്‍ന്നിരുന്നു.

Exit mobile version