ഭക്ഷണ ചെലവ് വര്‍ധിക്കുന്നു; എയര്‍ ഇന്ത്യയില്‍ ജീവനക്കാരുടെ ഭക്ഷണത്തിന് നിയന്ത്രണം

ജീവനക്കാര്‍ ഇനി പ്രത്യേക ഭക്ഷണം കഴിച്ചാല്‍ കമ്പനി നിയമങ്ങള്‍ക്ക് എതിരായിരിക്കുമെന്നും വ്യക്തമാക്കി

ന്യൂഡല്‍ഹി: ജീവനക്കാരുടെ ഭക്ഷണത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി എയര്‍ ഇന്ത്യ. ഇനി മുതല്‍ പൈലറ്റുമാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ വിലകൂടിയ ഭക്ഷണം കഴിക്കരുതെന്നാണ് എയര്‍ ഇന്ത്യാ അധികൃതര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം.

ജീവനക്കാര്‍ ജോലിക്കിടയില്‍ കമ്പനി നിര്‍ദേശിച്ചിട്ടുള്ള ഭക്ഷണം മാത്രമേ
കഴിക്കാന്‍ പാടുള്ളൂ എന്ന് കാണിച്ച് എയര്‍ ഇന്ത്യയുടെ ഡയറക്ടര്‍ ഓപ്പറേഷന്‍സ് അമിതാഭ് സിങ് പൈലറ്റുമാര്‍ക്ക് ഇ മെയില്‍ സന്ദേശം നല്‍കി കഴിഞ്ഞു. ജീവനക്കാര്‍ ഇനി പ്രത്യേക ഭക്ഷണം കഴിച്ചാല്‍ കമ്പനി നിയമങ്ങള്‍ക്ക് എതിരായിരിക്കുമെന്നും വ്യക്തമാക്കി.

നിലവില്‍ എയര്‍ ഇന്ത്യയില്‍ ആരോഗ്യ പ്രശ്നങ്ങളുള്ളവര്‍ക്ക് മാത്രമാണ് പ്രത്യേക ഭക്ഷണം കഴിക്കാന്‍ അനുമതിയുള്ളത്. അത് അനുവദിക്കണമെങ്കില്‍ ഡോക്ടറുടെ പ്രത്യേക നിര്‍ദേശം വേണമെന്നും ജീവനക്കാര്‍ക്ക് നല്‍കിയ മെയിലില്‍ അധികൃതര്‍ വ്യക്തമാക്കിയത്. പൈലറ്റുമാര്‍ ബര്‍ഗര്‍, സൂപ്പ് തുടങ്ങിയ ഭക്ഷണസാധനങ്ങള്‍ വ്യാപകമായി ഓര്‍ഡര്‍ ചെയ്യുന്നത് കാരണം കമ്പനിയുടെ ഭക്ഷണ ചെലവ് വര്‍ധിപ്പിക്കുന്നതായും അധികൃതര്‍ പറയുന്നു. ഇതാണ് ജീവനക്കാരുടെ ഭക്ഷണത്തിന് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ഉണ്ടായ പ്രധാന കാരണം.

Exit mobile version