പുല്‍വാമ ഭീകരാക്രമണം; ഇന്ത്യ നല്‍കിയ തെളിവുകള്‍ അപര്യാപ്തമെന്ന് പാകിസ്താന്‍

ഇന്ത്യ കൈമാറിയ തെളിവുകളില്‍ ഭീകരരുടെയും അവരുടെ താവളങ്ങളെ കുറിച്ചുള്ള വിവരങ്ങളും ഉണ്ടായിരുന്നു

ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തിലെ ഭീകരരെ കുറിച്ച് ഇന്ത്യ നല്‍കിയ തെളിവുകള്‍ അപര്യാപ്തമെന്ന് പാകിസ്താന്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണറെ അറിയിച്ചു. ഭീകരാക്രമണത്തിന് പിന്നില്‍ പാകിസ്താന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ജെയ്‌ഷെ മുഹമ്മദ് ആണെന്ന് വ്യക്തമാക്കുന്ന തെളിവുകളാണ് കഴിഞ്ഞ മാസം 27 ന് ഇന്ത്യ പാകിസ്താന് കൈമാറിയത്.

ഇന്ത്യ കൈമാറിയ തെളിവുകളില്‍ ഭീകരരുടെയും അവരുടെ താവളങ്ങളെ കുറിച്ചുള്ള വിവരങ്ങളും ഉണ്ടായിരുന്നു. എന്നാല്‍ ഈ തെളിവുകള്‍ അപര്യാപ്തമെന്നാണ് പാകിസ്താന്‍ വിദേശകാര്യ മന്ത്രാലയം നല്‍കിയ മറുപടിയില്‍ വ്യക്തമാക്കുന്നത്.

അതേ സമയം ഭീകരര്‍ക്കെതിരായ നടപടിയുമായി സഹകരിക്കാന്‍ പാകിസ്താന്‍ സന്നദ്ധമാണെന്നും എന്നാല്‍ ഇതിന് കൂടുതല്‍ തെളിവുകള്‍ വേണമെന്നും പാക് വ്യക്തമാക്കി. പുല്‍വാമയിലെ ഭീകരാക്രമണത്തിന് ശേഷം ഭീകരര്‍ക്കെതിരെ നടപടി ശക്തമാക്കാന്‍ പാകിസ്താനുമേല്‍ അന്താരാഷ്ട്ര സമ്മര്‍ദ്ദം ശക്തമായിരുന്നു. ഇതേ തുടര്‍ന്നാണ് ഇന്ത്യ ഭീകരരുടെ വിവരങ്ങള്‍ പാകിസ്താന് കൈമാറിയത്.

Exit mobile version