ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ താല്പര്യം പ്രകടിപ്പിച്ച് സരബ്ജിത്ത് സിങ്ങിന്റെ സഹോദരി ദല്‍ബിര്‍ കൗര്‍ രംഗത്ത്. ഹരിയാനയിലെ സിര്‍സ മണ്ഡലത്തില്‍ നിന്ന് മത്സരിക്കാനുള്ള ആഗ്രഹമാണ് ദല്‍ബിര്‍ കൗര്‍ അറിയിച്ചതെന്നാണ് റിപ്പോര്‍ട്ട്.
എന്നാല്‍, ഇക്കാര്യത്തില്‍ ബിജെപി തീരുമാനമെടുത്തിട്ടില്ല. പാര്‍ട്ടി നേതൃത്വം തീരുമാനമെടുക്കുമെന്ന് നേതാക്കള്‍ പറഞ്ഞു. ഹരിയാന ബിജെപി അധ്യക്ഷന്‍ സുഭാഷ് ബരാലയുമായി കൂടിക്കാഴ്ച നടത്തിയതായും അവസരം ലഭിച്ചാല്‍ തിരഞ്ഞെടുപ്പില്‍ വിജയം നേടാനാവുമെന്നും ദല്‍ബിര്‍ കൗര്‍ മാധ്യമങ്ങളെ അറിയിച്ചു.
വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് പാകിസ്താനിലെ ജയിലില്‍ കഴിയുന്നതിനിടെ 2013ലാണ് സഹതടവുകാരുടെ മര്‍ദ്ദനമേറ്റ് സരബ്ജിത്ത് മരണപ്പെട്ടത്. 2016 ഡിസംബറില്‍ ദല്‍ബിര്‍ കൗര്‍ ബിജെപി പാര്‍ട്ടി അംഗത്വം നേടിയിരുന്നു. പാര്‍ട്ടിയില്‍ ചേരുന്നതിന് മുമ്പ് തന്നെ പാര്‍ട്ടിയുമായി അടുത്ത ബന്ധമുണ്ടായിരുന്നുവെന്നും പാര്‍ട്ടിയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും ദല്‍ബിര്‍ കൗര്‍ പറഞ്ഞു.
ലാഹോര്‍ ജയിലില്‍ കഴിയുന്നതിനിടെയാണ് സഹത്തടവുകാരുടെ മര്‍ദനമേറ്റ് സരബ്ജിത്ത് മരിച്ചത്. ലാഹോറിലും മുള്ട്ടാനിലും നടന്ന ബോംബ് സ്ഫോടനങ്ങളില്‍ പങ്കുണ്ടെന്ന് പാക് കോടതി കണ്ടെത്തിയതിനെ തുടര്‍ന്ന് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്നതിനിടെയാണ് സംഭവം. സഹത്തടവുകാര്‍ ആദ്യം കുറ്റസമ്മതം നടത്തിയെങ്കിലും പിന്നീട് സാക്ഷികള്‍ കൂറുമാറി. തുടര്‍ന്ന് ഇവരെ ലാഹോര്‍ ജില്ലാ സെഷന്‍സ് കോടതി വെറുതെ വിട്ടു.
Discussion about this post