പൂനെ: പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഭാര്യ തോറ്റതിന്റെ പ്രതികാരം ഭര്‍ത്താവ് തീര്‍ത്തത് ജയിച്ച സ്ഥാനാര്‍ത്ഥിയുടെ ഭര്‍ത്താവിനെ കൊന്ന്. പൂനെയിലാണ് സംഭവം നടന്നത്. ബാലാസാഹെബ് സോപന്‍ വന്‍ഷീവ് എന്നയാളാണ് കൊല്ലപ്പെട്ടതെന്നാണ് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്. അവിനാഷ് കാംബ്ലെയാണ് കൊലപാതകം നടത്തിയത്.
രാഷ്ട്രീയ വൈരാഗ്യത്തിന് പുറമെ ഇയാള്‍ക്ക് ബാലാസാഹെബുമായി ഭൂമിയെ ചൊല്ലിയുള്ള തര്‍ക്കവുമുണ്ടായിരുന്ന. മാര്‍ച്ച് 13ന് പ്രഭാത സവാരിയ്ക്ക് ഇറങ്ങിയ ബാലാസാഹെബിനെ അതിവേഗത്തിലെത്തിയ കാര്‍ പിന്നില്‍ നിന്ന് ഇടിച്ച് വീഴ്ത്തുകയായിരുന്നു. ഗുരുതര പരിക്കുകളോടെ ബാലാസാഹെബിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഭാര്യ മീനാക്ഷി പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇടിച്ച കാറിന്റെ ദൃശ്യങ്ങള്‍ ലഭിച്ചത്. ഇത് പരിശോധിച്ചപ്പോഴാണ് കാറില്‍ അവിനാഷിനെ കണ്ടെത്തിയത്. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വിജയിച്ചതിന് ചിലയാളുകള്‍ക്ക് തന്നോട് വൈരാഗ്യമുണ്ടായിരുന്നതായി മീനാക്ഷി പോലീസിനോട് പറഞ്ഞിരുന്നു.
ഇതേ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ബാലാസാഹെബിന്റെ മരണത്തിന് പിന്നില്‍ അവിനാഷ് ആണെന്ന് വ്യക്തമായത്. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വന്നതിന് ശേഷം ഇയാള്‍ ബാലാസാഹെബിനെ ഭീഷണിപ്പെടുത്തിയിരുന്നതായും പോലീസ് പറഞ്ഞു. സംഭവത്തില്‍ ഉള്‍പ്പെട്ട മറ്റുള്ളവര്‍ക്ക് വേണ്ടിയുള്ള അന്വേഷണത്തിലാണ് പോലീസ്.