ന്യൂഡല്‍ഹി: തന്റെ പേരിലുള്ള വായ്പകള്‍ തീര്‍പ്പാക്കാന്‍ കര്‍ണാടക ഹൈക്കോടതിയില്‍ കെട്ടി വെക്കാമെന്ന് പറഞ്ഞ 4,400 കോടി രൂപ ജെറ്റ് എയര്‍വേയ്സിന്റെ കടം തീര്‍ക്കാന്‍ ഉപയോഗിക്കാന്‍ ബാങ്കുകളോട് നിര്‍ദേശിച്ച് രാജ്യത്തു നിന്നും കടന്ന വിവാദ വ്യവസായി വിജയ് മല്യ. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ജെറ്റ് എയര്‍വേയ്സിനെ കരകയറ്റാന്‍ തന്റെ പണമുപയോഗിച്ചു കൂടെയെന്ന് ട്വീറ്റിലൂടെയാണ് മല്യ ചോദിച്ചിരിക്കുന്നത്.
വിവിധ ബാങ്കുകളിലായി 9,000 കോടി രൂപയാണ് മല്യ നല്‍കാനുള്ളത്. ഇതില്‍ 4,400 കോടി രൂപ തിരിച്ചടക്കാമെന്നായിരുന്നു മല്യ ഉറപ്പ് നല്‍കിയത്. ഏകദേശം 8000 കോടി രൂപയുടെ കടക്കെണിയിലുള്ള ജെറ്റ് എയര്‍വേയ്സിന് ബാങ്കുകള്‍ 1500 കോടി നല്‍കുമെന്ന് അറിയിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് തന്റെ പണം സ്വീകരിക്കാത്തതെന്തു കൊണ്ടെന്ന് മല്യ ചോദിക്കുന്നത്.
‘ജെറ്റ് എയര്‍വേയ്സിന് പ്രതിസന്ധി തരണം ചെയ്യാന്‍ ധനകാര്യസ്ഥാപനങ്ങള്‍ നല്കുന്ന സാമ്പത്തികസഹായം നല്ലത് തന്നെയാണ്. ഇതേ രീതിയില്‍ കിങ്ഫിഷറിനും സഹായം ലഭ്യമാക്കിയിരുന്നെങ്കില്‍ കമ്പനി ഇപ്പോഴും നിലവിലുണ്ടാകുമായിരുന്നു.’-മല്യ ട്വിറ്ററില്‍ കുറിച്ചു. ‘4000 കോടി രൂപയാണ് താന്‍ കിങ്ഫിഷറില്‍ നിക്ഷേപിച്ചത്, വിമാനക്കമ്പനി ജീവനക്കാരേയും കമ്പനിയേയും രക്ഷിക്കാന്‍ വേണ്ടി എല്ലാ ശ്രമങ്ങളും നടത്തി. എന്നാല്‍ തന്റെ പ്രവര്‍ത്തനങ്ങളെ മുഖവിലയ്ക്കെടുക്കാതെ രാജ്യത്തെ ഏറ്റവും മികച്ച വിമാനക്കമ്പനി തകര്‍ച്ചയിലേക്ക് തള്ളിവിടുകയാണുണ്ടായത്. അന്ന് സഹായഹസ്തം നീട്ടാത്ത സ്ഥാപനങ്ങള്‍ ഇന്ന് ജെറ്റ് എയര്‍വേയ്സിനായി പ്രവര്‍ത്തിക്കുന്നത് കാണുമ്പോള്‍ ആഹ്ളാദം തോന്നുന്നു’. മല്യ പറഞ്ഞു.
Discussion about this post