ന്യൂഡല്‍ഹി: വരുന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുമോ എന്ന കാര്യത്തില്‍ പ്രതികരണവുമായി പാര്‍ട്ടി വക്താവ് രണ്‍ദീപ് സിങ് സുര്‍ജെവാല. വയനാട്ടില്‍ നിന്ന് മത്സരിക്കുമോയെന്ന കാര്യത്തില്‍ രാഹുല്‍ ഗാന്ധി ഇതുവരെ തീരുമാനം എടുത്തിട്ടില്ലയെന്ന് സുര്‍ജെവാലെ പറഞ്ഞു.
എന്നാല്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്നു മത്സരിക്കണമെന്ന പ്രവര്‍ത്തകരുടെ ആവശ്യത്തെ കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും ബഹുമാനിക്കുന്നുവെന്നും സുര്‍ജെവാല മാധ്യമങ്ങളോട് പറഞ്ഞു. ഇതേ ആവശ്യവുമായി കര്‍ണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലെ പ്രവര്‍ത്തകര്‍ രംഗത്ത് വന്നിരുന്നു.
അതേസമയം അമേഠിയാണ് തന്റെ കര്‍മഭൂമിയെന്നും അത് അങ്ങനെ തന്നെയായിരിക്കുമെന്നും കഴിഞ്ഞദിവസം ഒരു ഹിന്ദി ദിനപത്രത്തിനു നല്കിയ അഭിമുഖത്തില്‍ രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. അമേഠിയല്ലാതെ രണ്ടാമതൊരു മണ്ഡലത്തില്‍ക്കൂടി രാഹുല്‍ ഗാന്ധി മത്സരിക്കുന്ന കാര്യത്തില്‍ പാര്‍ട്ടി ഇതുവരെ തീരുമാനമെടുത്തിട്ടില്ല. ഈ വിഷയത്തില്‍ തീരുമാനം എടുത്താല്‍ മാത്രമേ രണ്ടാമത്തെ മണ്ഡലം ഏതായിരിക്കണമെന്ന് തീരുമാനിക്കുവെന്നും സുര്‍ജെവാല പറഞ്ഞു.
രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുമോ ഇല്ലയോ എന്ന ആകാംക്ഷയിലാണ് കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. അതേസമയം ഇന്നലെ പുറത്ത് വിട്ട കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടികയിലും വയനാടും വടകരയും ഇല്ല.
Discussion about this post