ന്യൂഡല്‍ഹി: ബിജെപി പുറത്തുവിട്ട ഒടുവിലത്തെ സ്ഥാനാര്‍ത്ഥി പട്ടികയിലും പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവായ മുരളി മനോഹര്‍ ജോഷിക്ക് ബിജെപി സീറ്റ് നിഷേധിച്ചു. മുതിര്‍ന്ന നേതാവ് എല്‍കെ അഡ്വാനിക്ക് സീറ്റ് നിഷേധിച്ചതിന് പിന്നാലെയാണ് മുരളീ മനോഹര്‍ ജോഷിയോടും പാര്‍ട്ടി അവഗണന കാണിച്ചിരിക്കുന്നത്. 70 കഴിഞ്ഞ നേതാക്കളെ പരിഗണിക്കേണ്ടതില്ലെന്ന് ബിജെപി നേതൃത്വം തീരുമാനിച്ചതായാണ് വിവരം. ബിജെപിയുടെ ചരിത്രത്തില്‍ത്തന്നെ 90കള്‍ക്ക് ശേഷം അഡ്വാനിയും മുരളി മനോഹര്‍ ജോഷിയുമില്ലാത്ത ഒരു സ്ഥാനാര്‍ത്ഥിപ്പട്ടിക ആദ്യമായാണ് പുറത്തുവരുന്നത്. അഡ്വാനിയുടെ സിറ്റിംഗ് സീറ്റായ ഗാന്ധിനഗറില്‍ ഇത്തവണ മത്സരിക്കുന്നത് ബിജെപി അധ്യക്ഷന്‍ അമിത് ഷായാണ്. മുരളി മനോഹര്‍ ജോഷിയുടെ സിറ്റിംഗ് സീറ്റായ കാന്‍പൂരില്‍ സ്ഥാനാര്‍ത്ഥികളെയൊന്നും പ്രഖ്യാപിച്ചിട്ടുമില്ല.
അതേസമയം, മാറ്റി നിര്‍ത്തിയതിലെ അമര്‍ഷം പരസ്യമാക്കി മുരളി മനോഹര്‍ ജോഷി രംഗത്തെത്തി. ഇത്തവണ മാറിനില്ക്കാന് തന്നോട് പാര്‍ട്ടി ജനറല്‍ സെക്രട്ടറി രാംലാല്‍ ആവശ്യപ്പെട്ടതായി അദ്ദേഹം സ്ഥിരീകരിച്ചു. നിലവില്‍ കാണ്‍പൂരില്‍ നിന്നുള്ള എംപിയാണ് 85 കാരനായ മുരളി മനോഹര്‍ ജോഷി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ തന്റെ സ്ഥിരം മണ്ഡലമായ വാരണാസി നരേന്ദ്ര മോഡിക്ക് ഒഴിഞ്ഞുകൊടുത്താണ് ജോഷി കാണ്‍പൂരിലെത്തിയത്. 2014-ല്‍ ബിജെപി അധികാരത്തിലേറിയ ഉടന്‍ അഡ്വാനി അടക്കമുള്ള മുതിര്‍ന്ന നേതാക്കളെ പാര്‍ട്ടി ഉപദേശക സമിതിയിലേക്ക് മാറ്റിയിരുന്നു. അരുണ്‍ ഷൂരി, യശ്വന്ത് സിന്‍ഹ, മുരളീ മനോഹര്‍ ജോഷി എന്നിവരായിരുന്നു ബിജെപിയുടെ ഉപദേശക സമിതി പാനലിലുണ്ടായിരുന്നത്.
തുടര്‍ന്ന് തൊട്ടടുത്ത വര്‍ഷങ്ങളിലായി ഈ നേതാക്കളെ സുപ്രധാന ചുമതലകളില്‍ നിന്നും പാര്‍ട്ടി പരിപാടികളില്‍ മാറ്റി നിര്‍ത്തുകയും ചെയ്തു. പിന്നീട് അഡ്വാനി ഒഴികെയുള്ള മറ്റു നേതാക്കളെല്ലാം മോഡി സര്‍ക്കാരിന്റെ കടുത്ത വിമര്‍ശകരമായി മാറുകയുമുണ്ടായി. ഇതോടെ സീറ്റ് നിഷേധം അടക്കമുള്ള കനത്ത തീരുമാനങ്ങളിലേക്ക് മോഡി-അമിത് ഷാ സഖ്യം എത്തുകയായിരുന്നെന്നാണ് സൂചന.
Discussion about this post