ന്യൂഡല്‍ഹി: രാജ്യത്തെ സാധാരണക്കാര്‍ക്ക് മിനിമം വേതനം ഉറപ്പ് വരുത്തുന്ന പദ്ധതി വാഗ്ദാനം ചെയ്ത കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് ബിജെപി. 25 കോടി ദരിദ്രര്‍ക്ക് മിനിമം വരുമാനം ഉറപ്പു നല്‍കുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രകടനപത്രികയിലുള്ളത്. ഇന്ദിരഗാന്ധിയുടെ കാലത്ത് ഗരീബി ഹഠാവോ മുദ്രാവാക്യമാക്കിയ കോണ്‍ഗ്രസ് പതിറ്റാണ്ടുകള്‍ അധികാരത്തിലിരുന്നിട്ടും ദാരിദ്ര്യം നീങ്ങിയില്ലെന്നും പുതിയ വാഗ്ദാനം കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പുകാല തട്ടിപ്പു മാത്രമാണെന്നും ബിജെപി കുറ്റപ്പെടുത്തി.
അതേസമയം, കഴിഞ്ഞ തെരഞ്ഞെടുപ്പിന്റെ സമയത്ത് നരേന്ദ്ര മോഡി വാഗ്ദാനം ചെയ്ത 15 ലക്ഷം രൂപ ഇനിയും ആരുടെയും ബാങ്ക് അക്കൗണ്ടില്‍ എത്തിയിട്ടില്ലെന്ന് കോണ്‍ഗ്രസ് ബിജെപിയെ ഓര്‍മ്മിപ്പിച്ചു. മിനിമം വരുമാന പദ്ധതി നടപ്പാക്കാനുള്ള പണം എവിടെനിന്ന് സമാഹരിക്കുമെന്നാണ് ബിജെപിയുടെ അടുത്ത ചോദ്യം. ഇന്ദിര ഗാന്ധിയുടെ കാലം മുതല്‍ രാജ്യത്ത് ഉല്‍പാദനക്ഷമത വര്‍ധിപ്പിക്കുകയല്ല, ദാരിദ്ര്യത്തിന്റെ പുനര്‍വിതരണമാണ് കോണ്‍ഗ്രസ് സര്‍ക്കാറുകള്‍ നടത്തിയതെന്ന് അരുണ്‍ ജെയ്റ്റ്‌ലി കുറ്റപ്പെടുത്തി. നെഹ്‌റുവിയന്‍ മാതൃക വളര്‍ച്ച മുരടിപ്പിച്ചു. രാജീവ് ഗാന്ധിയുടെ കാലത്തും യുപിഎ സര്‍ക്കാറിന്റെ 10 വര്‍ഷത്തിനിടയിലും ദാരിദ്ര്യം ഇല്ലാതാക്കുന്നതില്‍ പരാജയപ്പെട്ട അനുഭവമാണ് രാജ്യത്തിനു മുന്നിലുള്ളത്. അവ്യക്ത പദ്ധതിയാണ് പ്രഖ്യാപിച്ചിട്ടുള്ളതെന്നും കേന്ദ്രമന്ത്രിമാരായ അരുണ്‍ ജെയ്റ്റ്‌ലി, രവിശങ്കര്‍ പ്രസാദ് എന്നിവര്‍ ആരോപിച്ചു.
നോട്ട് അസാധുവാക്കല്‍ വഴി തുലച്ച ഭീമമായ സംഖ്യയോളം ഇത് വേണ്ടിവരില്ലെന്നും ദരിദ്രര്‍ക്ക് മിനിമം വരുമാനം ഉറപ്പാക്കാനെന്നാണ് കോണ്‍ഗ്രസ് ശ്രമമെന്ന് പാര്‍ട്ടി വക്താവ് രണ്‍ദീപ്‌സിങ് സുര്‍ജേവാല പ്രതികരിച്ചു. വ്യക്തമായി തയാറാക്കിയിട്ടുള്ള ഈ പദ്ധതിയുടെ വിശദാംശങ്ങള്‍ അറിയാന്‍ രണ്ടു മൂന്നു ദിവസം കൂടി കാത്തുനില്‍ക്കാനും ബിജെപി നേതാക്കളോട് പാര്‍ട്ടി വക്താവ് സുര്‍ജേവാല ആവശ്യപ്പെട്ടു. കോണ്‍ഗ്രസിന്റെ മിനിമം വരുമാന വാഗ്ദാനത്തിനു മുമ്പില്‍ അമ്പരന്നു നില്‍ക്കുകയാണ് ബിജെപിയെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പരിഹസിച്ചു.
Discussion about this post