ന്യൂഡല്‍ഹി: ലോക്സഭ തെരഞ്ഞെടുപ്പില്‍ വിവപാറ്റുകള്‍ എണ്ണുന്നതിനെ ചൊല്ലി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും സുപ്രീംകോടതിയും വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. കൂടുതല്‍ വിവിപാറ്റുകള്‍ എണ്ണണമെന്നും കൂടുതല്‍ വിവിപാറ്റുകള്‍ എണ്ണാന്‍ എന്താണ് തടസ്സമെന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ ബെഞ്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോട് ചോദിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ടുയന്ത്രത്തിലെ വോട്ടെണ്ണുന്നതിന് പുറമെ ചുരുങ്ങിയത് ഓരോ മണ്ഡലത്തിലെയും 50 ശതമാനം വിവിപാറ്റുകള്‍ എങ്കിലും എണ്ണണമെന്ന് ആവശ്യപ്പെട്ട് 21 പ്രതിപക്ഷ പാര്‍ട്ടികള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി.
അതേസമയം, കൂടുതല്‍ വിവിപാറ്റുകള്‍ എണ്ണേണ്ട കാര്യമില്ലെന്നാണ് നിലപാടെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീംകോടതിയില്‍ വാദിച്ചു.എന്നാല്‍, എത്ര വിവിപാറ്റുകള്‍ കൂടുതല്‍ എണ്ണാന്‍ കഴിയുമെന്ന് വ്യാഴാഴ്ച അറിയിക്കണമെന്ന് ചീഫ് ജസ്റ്റിസ് കമ്മീഷന് നിര്‍ദേശം നല്‍കുകയായിരുന്നു.
സുപ്രീംകോടതി നേരത്തെ നിദേശിച്ചത് പ്രകാരം ഡെപ്യൂട്ടി തെരഞ്ഞെടുപ്പു കമ്മീഷണര്‍ സുദീപ് ജെയിന് കോടതിയില്‍ എത്തിയിരുന്നു.തുടക്കം മുതല്‍ പ്രതിപക്ഷത്തിന്റെ ആവശ്യത്തോടു പുറം തിരിഞ്ഞുനിന്ന ഡെപ്യൂട്ടി കമീഷണറുടെ സമീപനത്തെ സുപ്രീംകോടതി ചോദ്യം ചെയ്തു. വോട്ടുയന്ത്രങ്ങളുടെ കാര്യത്തില്‍ നിലവിലുള്ള സംവിധാനം തന്നെ കുറ്റമറ്റതാണെന്ന് വിശ്വസിക്കാന്‍ മതിയായ കാരണങ്ങളുണ്ടെന്ന് കേന്ദ്ര ഡെപ്യൂട്ടി തെരഞ്ഞെടുപ്പ് കമീഷണര്‍ വാദിച്ചപ്പോള്‍ ചീഫ് ജസ്റ്റിസ് ഖണ്ഡിച്ചു. കോടതിയടക്കം ഒരു സ്ഥാപനവും നിര്‍ദേശങ്ങളോട് പുറംതിരിഞ്ഞ് നില്‍ക്കരുതെന്ന് ചീഫ് ജസ്റ്റിസ് ഓര്‍മ്മിപ്പിച്ചു.
Discussion about this post