ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടേയും ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനിയുടേയും ചിത്രങ്ങളടങ്ങിയ ബോര്‍ഡിംഗ് പാസുകള്‍ എയര്‍ ഇന്ത്യ പിന്‍വലിച്ചു. പ്രധാനമന്ത്രിയുടേയും ഗുജറാത്ത് മുഖ്യമന്ത്രിയുടേയും ചിത്രങ്ങള്‍ ഉള്‍പ്പെട്ട വൈബ്രന്റ് ഗുജറാത്ത് ഗ്ലോബല്‍ സമ്മിറ്റിന്റെ പരസ്യം അച്ചടിച്ച എയര്‍ ഇന്ത്യയുടെ ബോര്‍ഡിംഗ് പാസുകള്‍ വിവാദമായിരുന്നു.
തുടര്‍ന്നാണ് എയര്‍ ഇന്ത്യയുടെ നടപടി. കഴിഞ്ഞ ജനുവരിയില്‍ നടന്ന ഗ്ലോബല്‍ സമ്മിറ്റിന്റെ പരസ്യം ഉള്‍പ്പെട്ട ബോര്‍ഡിങ് പാസിനെതിരെ പഞ്ചാബ് മുന്‍ ഡിജിപി ശശികാന്തയാണ് ട്വിറ്ററിലൂടെ വിമര്‍ശം ഉന്നയിച്ചത്. പൊതുപണം ധൂര്‍ത്തടിക്കുന്നത് തിരഞ്ഞെടുപ്പ് കമ്മീഷന് കാണുകയോ കേള്‍ക്കുകയോ ചെയ്യുന്നില്ലേയെന്നും അദ്ദേഹം ട്വിറ്ററിലൂടെ ചോദിച്ചു.
ഇതേവിഷയം ചൂണ്ടിക്കാട്ടി ഒമര്‍ അബ്ദുല്ലയും ട്വീറ്റ് ചെയ്തിരുന്നു. കഴിഞ്ഞ ദിവസം എയര്‍ ഇന്ത്യയില്‍ യാത്ര ചെയ്യുന്നതിനിടെ ഇതേ ബോര്‍ഡിംഗ് പാസ് തന്നെയാണ് തനിക്കും ലഭിച്ചതെന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്. മാതൃകാ പെരുമാറ്റച്ചട്ടം ലംഘിക്കുന്നതായി ബോധ്യപ്പെട്ടാല്‍ ബോര്‍ഡിങ് പാസുകള്‍ പിന്‍വലിക്കുമെന്ന് എയര്‍ ഇന്ത്യ വ്യക്തമാക്കി. തിരഞ്ഞെടുപ്പ് പെരുമാച്ചട്ടം ലംഘിക്കുന്നതായി ചൂണ്ടിക്കാട്ടി തൃണമൂല്‍ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കിയതിനെ തുടര്‍ന്ന് മാര്‍ച്ച് 20 ന് ഇന്ത്യന്‍ റെയില്‍വേ പ്രധാനമന്ത്രിയുടെ ചിത്രങ്ങള്‍ ഇള്‍പ്പെടുത്തിയ ടിക്കറ്റുകള്‍ പിന്‍വലിച്ചിരുന്നു.
Discussion about this post