ചെന്നൈ: മുന്‍ കേന്ദ്രമന്ത്രി പി ചിദംബരത്തിന്റെ തട്ടകമായ ശിവഗംഗ മണ്ഡലത്തില്‍
മകന്‍ കാര്‍ത്തിയെ സ്ഥാനാര്‍ഥിയാക്കിയതോടെ പാര്‍ട്ടിയിലെ ഉള്‍പ്പോര് പുറത്ത്. കാര്‍ത്തിയുടെ സ്ഥാനാര്‍ഥിത്വത്തെ ചൊല്ലിയാണ് പൊട്ടിത്തെറി.
കാര്‍ത്തി ചിദംബരത്തെ മത്സരിപ്പിക്കാനുള്ള തീരുമാനത്തിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ഇഎം സുദര്‍ശന നാച്ചിയപ്പന്‍ രംഗത്തെത്തി. അഴിമതിയുടെ പേരില്‍ ജനങ്ങള്‍ വെറുക്കുന്ന കുടംബമാണ് ചിദംബരത്തിന്റേത്. പാര്‍ട്ടിക്ക് ചീത്തപ്പേര് കേള്‍പ്പിക്കുന്ന തീരുമാനമാണ് ഇപ്പോഴത്തേത്.
കാര്‍ത്തിക്ക് എന്തടിസ്ഥാനത്തിലാണ് സീറ്റ് നല്‍കിയത്. ചിദംബരത്തിന്റെ പിന്തുണയല്ലാതെ എന്താണ് കാര്‍ത്തിക്ക് ഉള്ളതെന്നും അദ്ദേഹം ചോദിച്ചു. കോണ്‍ഗ്രസ് നേതൃത്വം തീരുമാനം പുനപരിശോധിക്കുമെന്നാണ് പ്രതീക്ഷയെന്ന് നാച്ചിയപ്പന്‍ പറഞ്ഞു. സാമ്പത്തിക തട്ടിപ്പ് ഉള്‍പ്പടെ ക്രമിനല്‍ കേസുകളില്‍ അന്വേഷണം നേരിടുന്ന ആളാണ് കാര്‍ത്തി ചിദംബരമെന്നും അദ്ദേഹം പറഞ്ഞു.
ശിവഗംഗ മണ്ഡലത്തില്‍ തന്നെ പരിഗണിക്കാതെ കാര്‍ത്തിയ മത്സരിപ്പിക്കാനുള്ള തീരുമാനത്തിനെതിരെയാണ് നാച്ചിയപ്പന്‍ രംഗത്തെത്തിയത്. എന്നാല്‍ ഈ നടപടി തള്ളി തമിഴ്‌നാട് കോണ്‍ഗ്രസ് കമ്മിറ്റി രംഗത്തെത്തി. ഹൈക്കമാന്‍ഡ് തീരുമാനം അനുസരിക്കാന്‍ ഏതൊരാളും ബാധ്യസ്ഥരാണെന്ന് തമിഴ്‌നാട് കോണ്‍ഗ്രസ് പ്രസിഡന്റ് കെഎസ് അഴഗിരി പറഞ്ഞു.
എന്തെങ്കിലും പരാതി ഉണ്ടെങ്കില്‍ അത് ഹൈക്കമാന്‍ഡിനോടാണ് പറയേണ്ടത്, അല്ലാതെ മാധ്യമങ്ങളോട് അല്ലയെന്നും അഴഗിരി പറഞ്ഞു. സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ചത് തമിഴ്‌നാട് കോണ്‍ഗ്രസ് കമ്മിറ്റിയല്ല, എഐസിസിയാണ്. കാര്‍ത്തി ചിദംബരത്തിനെതിരായ കേസുകള്‍ ബിജെപി സര്‍ക്കാര്‍ കെട്ടിച്ചമച്ചതാണെന്നും അഴഗിരി പറഞ്ഞു.
പി. ചിദംബരത്തിന്റെ തട്ടകമായിരുന്നു ശിവഗംഗ പാര്‍ലമെന്റ് മണ്ഡലം. ഏഴ് തവണ അദ്ദേഹം അവിടെനിന്ന് തെരഞ്ഞെടുക്കപ്പെട്ടു. ഒരുതവണ മാത്രമാണ് പി ചിദംബരം ശിവഗംഗയില്‍ തോറ്റത്. 1999ലായിരുന്നു അത്. അന്ന് തമിഴ് മാനില കോണ്‍ഗ്രസ് നേതാവായിരുന്ന നാച്ചിയപ്പനാണ് ചിദംബരത്തെ തോല്‍പ്പിച്ചത്.
തമിഴ്‌നാട്ടില്‍ പാര്‍ട്ടി മല്‍സരിക്കുന്ന മറ്റു 8 മണ്ഡലങ്ങളിലേക്കും കഴിഞ്ഞ ദിവസം സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചെങ്കിലും ശിവഗംഗ ഒഴിവാക്കിയത് അഭ്യൂഹങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ചിദംബരവും കുടുംബവും അഴിമതി കേസുകളില്‍ ഉള്‍പ്പെട്ട സാഹചര്യത്തില്‍ മറ്റൊരാളെ പരിഗണിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ അതെല്ലാം തള്ളിക്കളഞ്ഞാണ് കാര്‍ത്തി ചിദംബരത്തെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ഹൈക്കമാന്‍ഡ് തീരുമാനിച്ചത്.
അതേസമയം, പാര്‍ട്ടിയില്‍ തനിയ്ക്ക് പൂര്‍ണ വിശ്വാസമുണ്ടെന്നും ശിവഗംഗയില്‍ നിന്നും വിജയിക്കുമെന്നും കാര്‍ത്തി പ്രതികരിച്ചു.
Discussion about this post