നാഗ്പൂര്‍: പ്രിയങ്ക ഗാന്ധിയുടെ ഗംഗാ പ്രയാണത്തെ രൂക്ഷമായി വിമര്‍ശിച്ച് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഗംഗാജലം കുടിക്കാന്‍ കഴിയാത്ത എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധിക്ക് ഇപ്പോള്‍ അതിന് കഴിഞ്ഞത് ബിജെപി ഭരണത്തിന്റെ നേട്ടമാണെന്ന് ഗഡ്കരി പറഞ്ഞു.
‘അലഹാബാദ്- വാരാണസി ജലപാത ഞാന്‍ നിര്‍മിച്ചില്ലായിരുന്നെങ്കില്‍ പ്രിയങ്ക എങ്ങനെ ഗംഗാ പ്രയാണം നടത്തുമായിരുന്നു. അവര്‍ ഗംഗാതീര്‍ഥം കുടിക്കുകയും ചെയ്തു, യുപിഎ സര്‍ക്കാര്‍ അധികാരത്തിലിരിക്കുമ്പോള്‍ ഇപ്രകാരം അവര്‍ ചെയ്തിട്ടുണ്ടോ? ഗംഗാജലം കുടിക്കുക വഴി ഗംഗാ ശുദ്ധീകരണത്തിന് ബിജെപിയെടുത്ത പ്രയത്നത്തെ അവര്‍ അംഗീകരിക്കുകയാണു ചെയ്തത്’- ഗഡ്കരി പറഞ്ഞു.
2020 ഓടുകൂടി ഗംഗയെ 100% മാലിന്യമുക്തമാകും. പരിശുദ്ധ നദിയായ ഗംഗയെ പൂര്‍ണമായും മാലിന്യമുക്തമാക്കുകയാണു ലക്ഷ്യം. യമുന നദി ശുചീകരണത്തിനും പദ്ധതികള്‍ ആസൂത്രണം ചെയ്യുമെന്നും ഗഡ്കരി പറഞ്ഞു. യമുനയെ ശുചീകരിക്കുന്നതിനുളള 13 പദ്ധതികള്‍ നിലവിലുണ്ടെന്നും ഒരു വര്‍ഷത്തിനുളളില്‍ മാറ്റം ദൃശ്യമാകുമെന്നും ഗഡ്കരി പറഞ്ഞു.
പ്രിയങ്ക ഗാന്ധിയുടെ സന്ദര്‍ശനം മണ്ഡലത്തില്‍ യാതൊരു ചലനവും ഉയര്‍ത്തിയില്ല. രാജഭരണത്തെയു ജാതിചിന്തയെയും തുറന്ന് എതിര്‍ക്കുന്ന കേഡര്‍ സ്വഭാവമുളള പാര്‍ട്ടിയാണു ബിജെപിയെന്നും ഗഡ്കരി പറഞ്ഞു. പ്രയാഗ്രാജില് നിന്ന് ആരംഭിച്ച പ്രിയങ്കയുടെ പ്രയാണം 100 കിലോമീറ്റര്‍ അകലെ വാരണാസിയിലാണ് അവസാനിച്ചത്.
പ്രയാഗ്രാജ് മുതല്‍ വാരണാസി വരെയായിരുന്നു പ്രിയങ്കയുടെ ജലയാത്ര. സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നില്ക്കുന്ന ജനവിഭാഗങ്ങളാണു ഗംഗയുടെ തീരത്ത് കൂട്ടമായി താമസിക്കുന്നത്. ഇവരുടെ വോട്ടുകള്‍ തിരഞ്ഞെടുപ്പില്‍ നിര്‍ണായകമാണ്. യാത്രയ്ക്കിടെ വഴിമധ്യേയുള്ള സുപ്രധാന ക്ഷേത്രങ്ങളും ദര്‍ഗകളും പ്രിയങ്ക സന്ദര്‍ശിച്ചിരുന്നു.
Discussion about this post