ചെന്നൈ: ലോക്സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനില്ലെന്നു വ്യക്തമാക്കി മക്കള്‍ നീതി മയ്യം പ്രസിഡന്റും തെന്നിന്ത്യന്‍ സൂപ്പര്‍താരവുമായ കമല്‍ ഹാസന്. മുഴുവന്‍ സീറ്റിലേക്കും പാര്‍ട്ടി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. കോയമ്പത്തൂരില്‍ പാര്‍ട്ടി വൈസ് പ്രസിഡന്റ് ഡോ. മഹേന്ദ്രന് മല്‍സരിക്കും.
‘മല്‍സരിക്കാന്‍ താല്പര്യമുണ്ട്. പാര്‍ട്ടി അണികളുടെ സമ്മതവും ഉപദേശവും കാത്തിരിക്കുന്നു. മക്കള്‍ നീതി മയ്യത്തിന്റെ രണ്ടാം സ്ഥാനാര്‍ഥിപ്പട്ടികയില്‍ വലിയ ചില പേരുകള്‍ ഉണ്ടാകും-‘ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മല്‍സര രംഗത്തുണ്ടാകുമോയെന്ന ചോദ്യത്തിന് ഉലക നായകന് പ്രതികരിച്ചു.
ചെന്നൈ സെന്‍ട്രല്‍ ഉള്‍പ്പെടെ 21 മണ്ഡലങ്ങളിലേക്കു കമലിന്റെ പാര്‍ട്ടി ‘മക്കള്‍ നീതി മയ്യം’ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതില്‍ അദ്ദേഹത്തിന്റെ പേരുണ്ടായിരുന്നില്ല. കമല്‍ മല്‍സരിക്കുമെന്നു സൂചനയുള്ള പൊള്ളാച്ചി, രാമനാഥപുരം മണ്ഡലങ്ങള്‍ പട്ടികയില്‍ ഇല്ലാതിരുന്നതോടെ ആകാംക്ഷയേറി. രണ്ടാംഘട്ട പട്ടിക ഞായറാഴ്ച പുറത്തിറക്കിയപ്പോഴാണു ചിത്രം വ്യക്തമായത്, കമല്‍ മല്‍സരത്തിനില്ല.
പൊള്ളാച്ചിയില്‍ മല്‍സരിക്കാനായിരുന്നു ആദ്യ ആലോചനയെങ്കിലും മണ്ഡലത്തില്‍ ഡിഎംകെ അണ്ണാഡിഎംകെ നേര്‍ക്കുനേര്‍ പോരാട്ടമാണ്. അതിനാല്‍, കമല്‍ രാമനാഥപുരത്തേക്കു മാറുമെന്നാണു കേട്ടിരുന്നത്. ഇവിടെ അണ്ണാ ഡിഎംകെ മുന്നണിയില്‍ ബിജെപിയും ഡിഎംകെ മുന്നണിയില്‍ മുസ്ലിം ലീഗുമാണു പോരാടുന്നത്. ഇവിടെ വോട്ട് സമാഹരണം എളുപ്പമാകുമെന്നായിരുന്നു കണക്കൂകൂട്ടല്‍. പക്ഷേ അന്തിമവിശകലനത്തില്‍ കമല്‍ പിന്മാറുകയായിരുന്നു. പോരാട്ടത്തിന് ഇല്ലെങ്കിലും പാര്‍ട്ടി സ്ഥാനാര്‍ഥികളിലെല്ലാം തന്നെ കാണാമെന്നു കമല്‍ വ്യക്തമാക്കി.
അതേസമയം 50 ലക്ഷം പേര്‍ക്ക് തൊഴിലും സ്ത്രീകള്‍ക്ക് തുല്യവേതനവും വാഗ്ദാനം നല്‍കിയുള്ള മക്കള്‍ നീതി മയ്യത്തിന്റെ പ്രകടന പത്രികയും കമലഹാസന് പുറത്തിറക്കി. കര്‍ഷകര്‍ക്ക് നൂറുശതമാനം ലാഭവും പ്രകടനപത്രിക വാഗ്ദാനം ചെയ്യുന്നു.
Discussion about this post